തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതിൽ സർക്കാരിന് പങ്കില്ലെന്ന് മന്ത്രി പി രാജീവ്. സ്വകാര്യത സംരക്ഷിക്കാൻ കോടതിയുടെ നിർദേശമുണ്ട്. അതുപ്രകാരമുള്ള വിവരാവകാശ കമ്മീഷൻ നടപടിയിൽ സർക്കാരിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമനടപടി സ്വീകരിക്കണമെന്ന് ഹേമ കമ്മീഷൻ ശുപാർശ ചെയ്‌തിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു.
‘സർക്കാരിന് പ്രത്യേക നിയമങ്ങളൊന്നുമില്ല. വ്യക്തിപരമായി പരിശോധിച്ച ശേഷം കാര്യങ്ങൾ പുറത്തുവിടണമെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. അത് പൂർണമായും പാലിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. അല്ലെങ്കിൽ വിവരാവകാശ കമ്മീഷന് പരിശോധിക്കാം’, പി രാജീവ് പറഞ്ഞു.
വിഷയത്തിൽ സിപിഐ നേതാവ് ആനി രാജയും പ്രതികരണവുമായി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്നാണ് അവർ പറഞ്ഞത്. സമയബന്ധിതമായി സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണം. റിപ്പോർട്ട് വൈകിയത് പോലെ നടപടി വൈകരുതെന്നും അവർ പറഞ്ഞു. ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ ഡൽഹിയിൽ പറഞ്ഞു.
ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി നേരത്തേ പ്രതികരിച്ചത്. സർക്കാരിന് ഒന്നും ഒളിച്ച് വയ്‌ക്കാനില്ല. കുറ്റക്കാർ ആരും രക്ഷപ്പെടില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ – സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും ഇന്ന് കത്ത് നൽകിയിരുന്നു. ഇരകൾ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
Source link