കൊച്ചി – ബംഗളൂരു വന്ദേഭാരതിന്റെ സമയം മാറ്റാന്‍ റെയില്‍വേ, സ്ഥിരമാക്കുന്നതിലും ഉടന്‍ തീരുമാനം

പ്രതീകാത്മക ചിത്രം

കൊച്ചി: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കൊച്ചി – ബംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. കേരളത്തിലെ ആദ്യ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ പോലെ തന്നെ ഒക്കുപ്പന്‍സി റേറ്റില്‍ മൂന്നാമനും സൂപ്പര്‍ ഹിറ്റാണ്. ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുന്ന ട്രെയിന്‍ 26ന് ശേഷവും നീട്ടുന്നത് അടക്കമുള്ള കാര്യം റെയില്‍വേയുടെ പരിഗണനയിലുണ്ട്. ട്രെയിന്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന സമയം മാറ്റാനാണ് ഇപ്പോള്‍ റെയില്‍വേ ആലോചിക്കുന്നത്.

രാവിലെ 5.30ന് ബംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളം ജംഗ്ഷനില്‍ എത്തുന്ന തരത്തിലാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന സമയം 5.30ന് പകരം 6.30 ആക്കണമെന്നാണ് ദക്ഷിണ റെയില്‍വേ നിര്‍ദേശം. ഇപ്പോളത്തെ സമയം അനുസരിച്ച് നഗരത്തില്‍ നിന്ന് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമയമാറ്റം നടപ്പിലാക്കുന്നത്.

ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശത്തിന് പക്ഷേ ബംഗളൂരു ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ ഇനിയും മറുപടി നല്‍കിയിട്ടില്ല. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകള്‍ അപര്യാപ്തമായതിനാല്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ട്രെയിന്‍ നീട്ടണമെന്ന് നേരത്തെ തന്നെ ആവശ്യമുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ഒഴിവില്ലെന്നാണ് സൗത്ത് വെസ്റ്റ് റെയില്‍വേ അറിയിച്ചത്. ഐആര്‍ടിസിയുടെ കണക്കില്‍ എറണാകുളം ബംഗളൂരു സര്‍വീസിനു 105%, ബംഗളൂരു എറണാകുളം സര്‍വീസിന് 88% എന്നിങ്ങനെയാണു ബുക്കിങ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ പലര്‍ക്കും ടിക്കറ്റ് ലഭിക്കാറില്ല. എട്ടു കോച്ചുകളില്‍ ചെയര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളിലായി 600 സീറ്റുകളുണ്ട്. ഒരു റേക്ക് കൂടി അനുവദിച്ച് സര്‍വീസ് സ്ഥിരമാക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്നാണു യാത്രക്കാരുടെ ആവശ്യം. 31 ശതമാനം മാത്രം ഒക്കുപ്പന്‍സി റേറ്റുള്ള മംഗളൂരു – ഗോവ വന്ദേഭാരതിന് അടുത്തിടെയാണ് ഒരു റേക്ക് കൂടി അനുവദിച്ചത്.


Source link

Exit mobile version