ഹേമ കമ്മിറ്റി വെളിപ്പെടുത്തലിൽ ഹൈക്കോടതി , അതീവ ഗുരുതരം; റിപ്പോർട്ട് കാണണം

മുദ്രവച്ച കവറിൽ സമർപ്പിക്കണം
സ്വീകരിച്ച നടപടി അറിയിക്കണം
വനിതാ കമ്മിഷനെ കക്ഷിചേർത്തു
കൊച്ചി: മലയാള സിനിമാരംഗത്ത് വനിതകൾ ലൈംഗിക ചൂഷണത്തിനും ഇരകളാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് മുദ്രവച്ച കവറിൽ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. സമ്പൂർണ റിപ്പോർട്ടാണ് നൽകേണ്ടത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തു നടപടി സ്വീകരിച്ചെന്ന വിശദ സത്യവാങ്മൂലവും നൽകണം.
അതീവ ഗുരുതര വിഷയമാണെന്നു വ്യക്തമാക്കിയ കോടതി, വനിതാകമ്മിഷനെ സ്വമേധയാകക്ഷിചേർത്തു. വ്യക്തികളെയല്ല, സമൂഹത്തെയാകെ ബാധിക്കുന്ന വിഷയമാണിത്. മൊഴി നൽകിയവർക്ക് മുന്നോട്ടുവരാൻ പറ്റാത്ത സാഹചര്യത്തിൽ സർക്കാരിന്റെ ധർമ്മസങ്കടം മനസിലാകും. എന്നുവച്ച് കുറ്റകൃത്യങ്ങൾക്കെതിരെ നടപടി വേണ്ടേയെന്ന് കോടതി ആരാഞ്ഞു.
ആരോപണ വിധേയർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നൽകിയ ഹർജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്. പീഡനം, വഴങ്ങാത്തവരോടുള്ള വിവേചനം, മറ്റ് അതിക്രമങ്ങൾ എന്നിവ റിപ്പോർട്ടിലുണ്ടെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. സെപ്തംബർ 10ന് വീണ്ടും പരിഗണിക്കും.
ചലച്ചിത്ര രംഗത്തെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിക്കാനാണ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയും നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിച്ചതെന്ന് സർക്കാരിനു വേണ്ടി അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ബോധിപ്പിച്ചു. ആരുടെയും പേര് വെളിപ്പെടുത്താൻ കമ്മിറ്റിയോട് നിർദ്ദേശിക്കാനാവില്ല.
മൊഴി നൽകിയവരുടെ പേരുകൾ കോൺഫിഡൻഷ്യൽ ആണ്.
ഗുരുതര വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് പോക്‌സോ കേസാണെങ്കിൽ പറ്റുമെന്ന് എ.ജി മറുപടി നൽകി.
പേരുപറയാതെ തന്നെ
നടപടിയാവാം: കോടതി
1. മൊഴി നൽകിയവരുടെ വിവരം പുറത്തുവിടാതെ തുടർനടപടി സാദ്ധ്യമാകുമെന്നിരിക്കെ റിപ്പോർട്ട് കണ്ടിട്ട് തീരുമാനമെടുക്കും
2. അതിക്രമത്തിനിരയാകുന്നതിൽ ഏറെയും സ്ത്രീകളാണ്. അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം മനസിലാക്കണം
3. റിപ്പോർട്ടിൽ പറയുന്നത് അവഗണിക്കാനാവില്ല. വെളിപ്പെടുത്തിയവർക്ക് കുറ്റവാളികൾ വിചാരണ ചെയ്യപ്പെടണമെന്ന ആഗ്രഹം ഉണ്ടാകും
പരാതിപ്പെട്ടാൽ
നടപടി: സർക്കാർ
1. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പരിമിതികളുണ്ട്. മൊഴി നൽകിയവർ പരാതിപ്പെട്ടിട്ടില്ല
2. രഹസ്യസ്വഭാവമുണ്ടാകുമെന്ന ഉറപ്പിലാണ് പലരും മൊഴി നൽകിയത്. റിപ്പോർട്ടിലുള്ള മൊഴികളിൽ ആരുടെയും പേരില്ല
3. ഹേമ കമ്മിറ്റി ജുഡിഷ്യൽ കമ്മിഷനല്ല. പരാതിയുമായി ആരെങ്കിലും മുന്നോട്ടുവന്നാൽ നടപടി സ്വീകരിക്കാം
മൊഴി നൽകിയവർ പരാതി നൽകാൻ മുന്നോട്ടു വരണം. സ്ത്രീകൾക്ക് അന്തസ്സോടെ ജോലിചെയ്യാൻ സാഹചര്യമൊരുക്കുന്നതിനെ പൂർണമായും പിന്തുണയ്ക്കും
പി. സതീദേവി,
വനിത കമ്മിഷൻ അദ്ധ്യക്ഷ
Source link