മാസപ്പടി കേസ്; സി എം ആർ എൽ ഉദ്യോഗസ്ഥർക്ക് എസ് എഫ് ഐ ഒ സമൻസ് നൽകി, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ കരിമണൽ കമ്പനി സി എം ആർ എൽ ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സമൻസ് നൽകി. ഡയറക്ടർ അടക്കമുള്ള എട്ട് പേർക്കാണ് സമൻസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഈ മാസം 28,29 തീയതികളിൽ ചെന്നൈയിൽ ഹാജരാകാനാണ് നിർദേശം.
അതേസമയം, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് ചെയ്യാത്ത സേവനത്തിന് സി എം ആർ എൽ കമ്പനി പ്രതിഫലം നൽകിയെന്നാണ് ആരോപണം. ഇതിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത്.
പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണ് എസ് എഫ് ഐ ഒ. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിൽ മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു. മാത്യു കുഴൽനാടൻ എം എൽ എ നൽകിയ ഹർജിയിലായിരുന്നു സർക്കാരിന്റെ വിശദീകരണം.
Source link