പേരു പറഞ്ഞില്ലെങ്കിലും റിപ്പോർട്ടിലെ “പ്രമുഖരെ” മനസിലാക്കാം; അവസരവാദിയായി മാറിയ കലാകാരിക്കെതിരെയും ഗുരുതര ആരോപണം

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഇന്നലെ നിർണായക ഇടപെടൽ ഹൈക്കോടതി നടത്തിയതോടെ വില്ലന്മാരുടെ വിഷയത്തിൽ ഇരട്ടത്താപ്പ് കളികളുമായി അരങ്ങുനിറഞ്ഞു നിൽക്കുന്നവരുടേയും നെഞ്ചൊന്ന് ആളിയിരിക്കുകയാണ്. ചതി, വഞ്ചന, ഒറ്റിക്കൊടുക്കൽ ഇതിനൊക്കെ മാപ്പില്ലെന്നാണ് വെള്ളിത്തിരിയിലെ മാസ് ഹീറോയും മാസാകാൻ ശ്രമിക്കുന്ന ഹീറോയിനുമൊക്കെ പറയുന്നത്. കൂട്ടിക്കൊടുപ്പാണെങ്കിൽ മ്ലേച്ഛമാണ്. പക്ഷെ, ഇതൊക്കെത്തന്നെയാണ് ക്യാമറയ്ക്കു പിന്നിൽ നടക്കുന്നത്. ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു. അതിന് പേരു പറയണമെന്നൊന്നുമില്ല; വ്യക്തമായ സൂചനകൾ മതി,​ പരാമർശത്തിലെ പ്രമുഖൻ അല്ലെങ്കിൽ പ്രമുഖ ആരെന്ന് മനസിലാകാൻ.

15 അംഗ പവർ ഗ്രൂപ്പിനെപ്പറ്റി ഹേമ കമ്മിറ്റി വ്യക്തമാക്കിയപ്പോൾ സിനിമ നിയന്ത്രിക്കുന്ന ചിലരുടെ മുഖമെങ്കിലും മനസിലൂടെ കടന്നു പോകാൻ സിനിമാ പ്രവർത്തകൻ തന്നെ ആകണമെന്നൊന്നുമില്ല. തിലകൻ എന്ന മഹാപ്രതിഭയുടെ വാക്കുകളാണ് റിപ്പോർട്ട് വന്നതിനു ശേഷം വൈറലായിരിക്കുന്നത്. പുറത്ത് തിലകൻ മഹാനാണെന്നു പറയുകയും,​ അകത്ത് തിലകന് അവസരം നിഷേധിക്കാൻ സിനിമാ പ്രവർത്തകരോട് ചട്ടം കെട്ടുകയും ചെയ്തവരിൽ പ്രമുഖരുമുണ്ട്. തങ്ങൾ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാൻ സാധിക്കുന്ന ഒരു മാഫിയാ സംഘമായിരിക്കുന്നു മലയാള സിനിമ എന്നു പറഞ്ഞ ഒരു നടനുണ്ടായിരുന്നു.

അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന വ്യക്തി. എന്നാൽ അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകൾ പലർക്കും ഇഷ്ടമായില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റിനിറുത്താൻ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേർ ചേർന്ന് അദ്ദേഹത്തെ സിനിമയിൽ നിന്ന് പുറത്താക്കി. ഈ നടൻ പിന്നീട് സിനിമ വിട്ട് സീരിയലിൽ എത്തി. എന്നാൽ അവിടെയും ശക്തമായ ഈ ലോബിയുടെ പിടിയിൽ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാൻ സാധിച്ചില്ല. സീരിയൽ താരങ്ങളുടെ സംഘടനയെയാണ്‌ ഇവർ ഇതിനായി ഉപയോഗിച്ചത്. പത്തോ പതിനഞ്ചോ വ്യക്തികൾ തീരുമാനിച്ചാൽ ആരെയും സിനിമയിൽ നിന്ന് മാറ്റിനിറുത്താം. അതിന് ചെറിയ കാരണങ്ങൾ മതി.

സഹോദരനും വിലക്ക്

ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിനു കാരണം രണ്ടു സംഭവങ്ങളായിരുന്നു. ഒന്ന്,​ കൊച്ചിയിൽ വച്ച് ഒരു നായികനടിക്കു നേരെയുണ്ടായ ക്വട്ടേഷൻ അതിക്രമം. രണ്ട്,​ അതേത്തുടർന്ന് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികവും തൊഴിൽപരവുമായ

ചൂഷണത്തിനെതിരെ നിലപാടെടുക്കാൻ പിറവികൊണ്ട ഡബ്ലിയു.സി.സിയുടെ രംഗപ്രവേശം.വിധു വിൻസെന്റ്, മഞ്ജുവാര്യർ, ബീനാ പോൾ, രമ്യാ നമ്പീശൻ, പാർവതി തെരുവോത്ത് തുടങ്ങി പതിനേഴു പേർ. മുഖ്യമന്ത്രിക്കു നിവദനം നൽകിയ അവർ അന്ന് അദ്ദേഹത്തിനൊപ്പം സെൽഫിയൊക്കെ എടുത്തിട്ടാണ് മടങ്ങിയത്.

ആ ശൂരത്വമൊക്കെ ഓർത്തുകൊണ്ടാകണം കമ്മിറ്റി അംഗങ്ങൾ ഇതിലൊരു അംഗത്തിന്റെ മൊഴിയെടുക്കാൻ എത്തിയത്. പക്ഷെ, മുൻവിധികളൊക്കെ കമ്മിറ്റി അംഗങ്ങൾക്ക് മാറ്റേണ്ടിവന്നു. അവസരം കൂടുതൽ കിട്ടാൻ അവസരവാദിയായി മാറിയ ആ കലാകാരിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടാൻ തങ്ങളാൽ കഴിയുന്ന വിധത്തിൽ കമ്മിറ്റി റിപ്പോർട്ടിൽ എഴുതിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ 135-ാം പേജിൽ 268-ാം ഖണ്ഡികയിലാണ് പ്രശസ്ത കലാകാരിക്കെതിരെ ഗുരുതരമായ ആരോപണമുള്ളത്.

ഡബ്ലിയു.സി.സിയിലെ അംഗങ്ങൾക്ക് പിന്നീട് സിനിമയിൽ അവരങ്ങൾ കുറ‌ഞ്ഞു. കാരണം, അവർ സിനിമയിലെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി! അതേസമയം അതിൽ ഒരാൾക്കു മാത്രം അവസരങ്ങൾ കുറഞ്ഞില്ല. ഈ സ്ഥാപക നടി കമ്മിറ്റിക്കു മുമ്പാകെ നൽകിയ മൊഴിയുടെ ചുരുക്കം ഇങ്ങനെയാണ്: ‘മലയാള സിനിമയിൽ നടിമാർ യാതൊരു വിധ പ്രശ്നങ്ങളും നേരിടുന്നില്ല. ലൈംഗിക ചൂഷണവും നടക്കുന്നില്ല. അത്തരം സംഭവങ്ങൾ താൻ കേട്ടിട്ടില്ല!” ഇതിൽ ‘കേട്ടിട്ടല്ല” എന്ന വാക്കിന് അടിവരയുണ്ട്. റിപ്പോർട്ടിൽ

കമ്മിറ്റി പറയുന്നു: ‘സത്യത്തിൽ നിന്ന് അകലെയാണ് ഈ മൊഴി. സ്വാർത്ഥ നേട്ടത്തിനായി ഈ താരം കള്ളം പറയുകയാണെന്ന് കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടു. ഈ താരം നൽകിയ തെളിവുകൾക്കും മൊഴിക്കും വലിയ വില കല്പിക്കാനാകില്ല. മറ്റാരും തന്നെ ഇത്തരത്തിലൊരു മൊഴി നൽകിയിട്ടുമില്ല.”

മറ്റൊരു നടിയുടെയും മൊഴിയെക്കുറിച്ച് കമ്മിറ്റി ഇത്തരം പരാമർശം നടത്തിയതായി പുറത്തുവന്ന റിപ്പോർട്ടുകളിലൊന്നുമില്ല. ഡബ്ലിയു.സി.സിയിലെ മറ്റ് അംഗങ്ങൾ നൽകിയ മൊഴി വെവ്വേറെയായും പുറത്തുവന്നവയിൽ ഇല്ല. മറുകണ്ടം ചാടിയ നടിക്കെതിരെ ഡബ്ലിയു.സി.സിയിലെ മറ്റ് ‘പുലിക”ളാരും ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടുമില്ല എന്നത് മറ്റൊരു കാര്യം. ആരൊക്കെ ഒപ്പം നിൽക്കുന്നു,​ ആരൊക്കെ ഒറ്റകാരുടെ വേഷത്തിൽ നിൽക്കുന്നുവെന്ന് നിലവിൽ സംഘടനയ്ക്ക് അകത്തുള്ളവർക്കു തന്നെ ആശയക്കുഴപ്പമുണ്ടത്രേ.

ഡബ്ലിയു.സി.സിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്ന നായിക നടിക്ക് ലഭിക്കുന്ന അവസരങ്ങളൊക്കെ തട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്. ആ നടിക്കു മാത്രമല്ല, സഹോദരനിട്ടും പണി കൊടുക്കുന്നുണ്ടെന്നാണ് സംസാരം. സംഗീത രംഗത്താണ് സഹോദരൻ പ്രവർത്തിക്കുന്നത്. ഇതുവരെ ചെയ്ത വർക്ക് എല്ലാം മെച്ചപ്പെട്ടതുമായിരുന്നു. പക്ഷെ, സിനിമയിൽ അവസരം കിട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മറ്റു ചിലരാണല്ലോ. നടി ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള നാളുകളിൽ ചില ക്ഷുഭിതയൗവനങ്ങളെ മലയാളികൾ കണ്ടിരുന്നു. അവരൊക്കെ ഇപ്പോൾ എന്തു നിലപാടിൽ പോകുന്നു? ഒന്നു കണ്ണോടിച്ചു നോക്കൂ. ഹേമ കമ്മിറ്റി റിപ്പോർട്ടു പുറത്തുവരുമ്പോൾ. ഇങ്ങനെ ചില മുഖംമൂടികൾ അഴിഞ്ഞുവീഴുമ്പോൾ ഇവിടെ പി.ടി.തോമസ് വേണമായിരുന്നു. കണക്കുകൾ എണ്ണിയെണ്ണി ചോദിക്കാൻ അദ്ദേഹത്തിനു മാത്രമെ കഴിയുമായിരുന്നുള്ളൂ. അന്ന് അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ നടിയെ ആക്രമിച്ച സംഭവം അതിനു മുമ്പുള്ള സമാന സംഭവങ്ങൾ പോലെ വിസ്മൃതിയിലേക്ക് പോകുമായിരുന്നു.


Source link

Exit mobile version