തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി. വേണു ഈ മാസം 31ന് സ്ഥാനമൊഴിയുമ്പോൾ ഭാര്യയും പ്ലാനിംഗ് അഡീ.ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരൻ ഇതേ സ്ഥാനത്തെത്തും. കേരളത്തിന്റെ ബ്യൂറോക്രാറ്റിക് ചരിത്രത്തിലെ ഈ അപൂർവ നിമിഷം ഇരുവർക്കും അഭിമാന മുഹൂർത്തവുമാണ്. ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ വനിതയും അമ്പതാമത്തെ ചീഫ് സെക്രട്ടറിയുമാണ് ശാരദ. 1990 ബാച്ചിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.
തൈക്കാട് സ്വദേശികളും എൻജിനിയറിംഗ് കോളേജ് മുൻ അദ്ധ്യാപകരുമായ കെ.എ. മുരളീധരന്റെയും കെ.എ ഗോമതിയുടെയും മകളാണ് ശാരദ. അച്ഛൻ കഴിഞ്ഞ വർഷം മരിച്ചുപോയിരുന്നു. അമ്മ ജീവിച്ചിരിപ്പുണ്ട്. എസ്.എസ്.എൽ.സി ഒന്നാം റാങ്ക് ജേതാവാണ് ശാരദ. തലസ്ഥാനത്തെ വിമൻസ് കോളേജിൽ നിന്ന് റാങ്കോടെ എം.എ. പോണ്ടിച്ചേരിയിൽ പി.എച്ച്.ഡിക്ക് പഠിക്കുമ്പോൾ സിവിൽ സർവീസ് പരീക്ഷ പാസായി.
നർത്തകിയായ മകൾ കല്യാണി കണ്ടംപററി ഡാൻസറാണ്, മകൻ ശബരി ഫ്രീലാൻസ് കാർട്ടൂണിസ്റ്റാണ്. കഴിഞ്ഞ വർഷം കൊച്ചി ബിനാലെ കണ്ട് മടങ്ങുമ്പോൾ കാർ അപകടത്തിൽപെട്ട് ഇരുവർക്കും പരിക്കേറ്റിരുന്നു.
കർണാടകത്തിൽ കഴിഞ്ഞ മാസം ശാലിനി രാജേഷ് ഭർത്താവ് രജനീഷ് ഗോയലിൽ നിന്ന് ചീഫ് സെക്രട്ടറി പദവി ഏറ്റെടുത്തിരുന്നു.
സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി പ്ളാനിംഗ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കാൻ ഇന്നത്തെ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ശാരദയ്ക്ക് 2025 ഏപ്രിൽ വരെ കാലാവധിയുണ്ട്. നേരത്തെ വി. രാമചന്ദ്രൻ - പത്മരാമചന്ദ്രൻ, ബാബുജേക്കബ് - ലിസിജേക്കബ് എന്നീ ഐ.എ.എസ് ദമ്പതികൾ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയിട്ടുണ്ടെങ്കിലും ഭർത്താവിന് തൊട്ടുപിന്നാലെ ഭാര്യയും അതേ കസേരയിലെത്തുന്നത് അപൂർവതയായി.
Source link