CINEMA

പോയ കാലത്തെ കരുത്തുറ്റ നായികമാർ; ഈ വെള്ളിയാഴ്ച ഒന്നിച്ചെത്തുന്നു


മലയാള സിനിമാ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു വെള്ളിയാഴ്ചയാണ് ഇന്ന്. അതിന് ഒരു കാരണമുണ്ട്. മലയാളത്തിലെ മൂന്നു നായികമാർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൂന്നു സിനിമകൾ ഒരേ സമയം റിലീസിനെത്തുകയാണ് ഇന്ന്. അതും തീർത്തും വ്യത്യസ്തമായ മൂന്നു തരത്തിലുള്ള സിനിമകൾ! മഞ്ജു വാരിയരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ജാസ്മിന്റെ പാലും പഴവും എന്നീ സിനിമകളാണ് ഇന്ന് റിലീസിനെത്തുന്നത്. എ സർട്ടിഫിക്കറ്റ് ചിത്രമായ ഫൂട്ടേജ് ഒരു പരീക്ഷണ ചിത്രമാണ്. എന്നാൽ മീര ജാസ്മിന്റെ പാലും പഴവും ഒരു കോമഡി ഫൺ സിനിമയാണ്. അതേസമയം, മിസ്റ്ററി ത്രില്ലറുമായാണ് ഭാവനയുടെ വരവ്! ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യാപകമായി ചർച്ച ചെയ്യുന്ന ഈ സമയത്ത് മലയാളത്തിലെ മൂന്നു നായികമാരുടെ ചിത്രം ഒരേ സമയം തിയറ്ററിലെത്തുക എന്നത് തീർച്ചയായും ഏറെ പ്രാധാന്യമർഹിക്കുന്നു. 
മുപ്പതുകളിലെ നായികമാർ

ഒരു കാലത്ത് മലയാളത്തിലെ നായികമാരുടെ ശരാശരി പ്രായം ഇരുപതിനും താഴെയായിരുന്നു. മുപ്പത് എത്തും മുൻപെ വിവാഹിതരായി, കുടുംബസ്ഥകളായി അഭിനയത്തോടു വിട പറയുന്നവരായിരുന്നു അവരിൽ ഭൂരിപക്ഷവും. നായകന്റെ പ്രായം എത്രയാണെങ്കിലും നായിക കോളജ് കുമാരി ആയിരുന്ന മലയാള സിനിമയിലെ കഥാവട്ടങ്ങളെ പൊളിച്ചടക്കുകയാണ് പുതിയ കാലം. വിവാഹിത ആയാലോ ഒരു കുഞ്ഞിന്റെ അമ്മ ആയാലോ സിനിമകളിൽ അമ്മ വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയിൽ. നായികാ വേഷങ്ങൾ അവർക്ക് അപ്രാപ്യമാകും. അല്ലെങ്കിൽ, ക്യാരക്ടർ വേഷങ്ങളിലേക്ക് ഒതുക്കപ്പെടും. അതൊരു കീഴ്‌വഴക്കം പോലെ എത്രയോ വർഷങ്ങൾ കടന്നു പോയി. ആ അലിഖിത നിയമത്തിന്റെ ചുവടു പറ്റി എത്രയോ നായികമാർ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും സ്വയം മാറി നിന്നു. ‘വിവാഹശേഷം അഭിനയിക്കുമോ’ എന്നത് ഇന്ന് ക്ലീഷെ ചോദ്യമാണെങ്കിലും ഒരു കാലത്ത് നായികമാർക്കു മുൻപിലെ വലിയൊരു ചോദ്യമായിരുന്നു അത്. കരിയറും സിനിമാജീവിതവും ഒരുമിച്ചു കൊണ്ടു പോകാൻ കഴിയില്ല എന്നൊരു മുൻവിധിയായിരുന്നു അക്കാലത്തെ നയിച്ചിരുന്നതും. അതിനു അപവാദമായി ഷീല, സീമ തുടങ്ങിയ നായികമാർ ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം നായികമാരുടെയും സ്ഥിതി ഏറെക്കുറെ സമാനമായിരുന്നു. 

ആരാണ് എക്സ്പയറി ഡേറ്റ് തീരുമാനിക്കുന്നത്? 
കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്തെ മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചതിന്റെ ഭാഗമായി പുതിയ കാല സിനിമകൾ സംഭവിക്കാൻ തുടങ്ങി. സ്ത്രീകേന്ദ്രീകൃത സിനിമകളിൽ മാത്രമല്ലാതെ ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ മലയാള സിനിമയിൽ തിരിച്ചെത്താൻ തുടങ്ങി. പാട്ടും ഡാൻസും കരച്ചിലും മാത്രമല്ലാതെ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ സംഭവിച്ചപ്പോൾ അതൊരു ട്രെൻഡായി. ഈ ട്രെൻഡിന് ഊർജ്ജം പകർന്നത് മലയാളികളുടെ പ്രിയ നായിക മഞ്ജു വാരിയരുടെ തിരിച്ചു വരവായിരുന്നു. ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിൽ മ‍ഞ്ജു വാരിയരുടെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘ആരാണ് സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് കാലാവിധി നിശ്ചയിക്കുന്നത്’ എന്ന്. ഏറെ പ്രാധാന്യം അർഹിക്കുന്ന ചോദ്യമാണ് ഇത്. 

ആരാണ് നായികമാർക്ക് എക്സ്പയറി ഡേറ്റ് തീരുമാനിക്കുന്നത്? അടിസ്ഥാനപരമായി സിനിമ ലാഭവും നഷ്ടവുമുള്ള വ്യവസായമാണ്. മറ്റേതു വ്യവസായം പോലെ മാർക്കറ്റ് തന്നെയാണ് ഇവിടെയും പ്രസക്തമാകുന്നത്. സിനിമയിൽ അതു നിശ്ചയിക്കുന്നത് കാണികൾ മാത്രമല്ലെന്നതാണ് ഈ വ്യവസായത്തെ വ്യത്യസ്തമാക്കുന്നത്. എങ്കിലും കാണികളുടെ ഇഷ്ടം കൊണ്ടു കൂടിയാണ് മഞ്ജു വാരിയർ എന്ന അഭിനേത്രി സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത സ്വീകാര്യതയും ജനപ്രീതിയും നേടിയത്. കൂടുതൽ സ്ത്രീകേന്ദ്രീകൃത സിനിമകൾ സംഭവിക്കാൻ തീർച്ചയായും ആ തിരിച്ചു വരവ് വലിയൊരു കാരണമായെന്നത് നിസ്തർക്കമാണ്. തിരിച്ചു വരവിൽ മഞ്ജു വാരിയർ പുലർത്തിയ നയമായിരുന്നില്ല മറ്റു നായികമാരുടേത്. അതുകൊണ്ടു തന്നെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ സജീവമായ നായികമാരിൽ മഞ്ജുവിന്റെ ട്രാക്ക് വേറിട്ടു നിന്നു. 

പരീക്ഷണ ചിത്രവുമായി മഞ്ജു
ഏകദേശം ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു മഞ്ജു വാരിയർ ചിത്രം റിലീസിനെത്തുന്നത്. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ഈ ചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ സൈബർ ലോകത്ത് ചർച്ചയായിരുന്നു മഞ്ജു വാരിയർ നായികയായെത്തുന്ന ഫൂട്ടേജ് എന്ന ചിത്രം. 18 പ്ലസ് പ്രേക്ഷകർക്കു വേണ്ടിയൊരുക്കുന്ന ചിത്രം അതീവശ്രദ്ധയോടെയാണ് താരം പ്രൊമോട്ട് ചെയ്യുന്നതും. താരത്തിന്റെ ശക്തിയായ കുടുംബപ്രേക്ഷകരെ വിശ്വാസത്തിലെടുത്തുകൊണ്ട് പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് മഞ്ജു. അത്തരമൊരു പരീക്ഷണചിത്രത്തെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തത്തിന് കരുത്താകുന്നത് മഞ്ജു വാരിയർ എന്ന താരത്തിന്റെ ജനകീയതും മാർക്കറ്റ് വാല്യുവുമാണ്. അത് മഞ്ജു വാരിയർ എന്ന താരം ജാഗ്രതയോടെ പടുത്തുയർത്തിയതാണ്. 
കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നിങ്ങനെ മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ് എന്ന ചിത്രം. ഇതിൽ മഞ്ജുവിനൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഫൗണ്ട് ഫൂട്ടേജ്’ ജോനറിൽപ്പെടുന്ന ചിത്രമാണ് ഫൂട്ടേജ്. മുഖ്യധാരാ മലയാള സിനിമയിൽ ഇത്തരമൊരു പരീക്ഷണം ഇതാദ്യമായാണ് സംഭവിക്കുന്നത്. ക്രിസ്റ്റഫർ ലാൻഡൻ സംവിധാനം ചെയ്ത, ഏറെ പ്രശസ്തമായ ‘പാരാനോർമൽ ആക്ടിവിറ്റി’ തുടങ്ങി ധാരാളം ഹോളിവുഡ് സിനിമകൾ ഈ ജോണറിൽ പുറത്തിറങ്ങിയിട്ടുണ്ട്. യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന മേക്കിങ്ങും കഥ പറച്ചിലുമാണ് ഇത്തരം സിനിമകളുടെ പ്രത്യേകത. ഈ പട്ടികയിലേക്ക് മലയാളത്തിന് അഭിമാനത്തോടെ ചേർത്തു വയ്ക്കാവുന്ന സിനിമയാകും ഫൂട്ടേജ് എന്നാണ് പ്രതീക്ഷ. 
മിസ്റ്ററി ത്രില്ലറുമായി ഭാവന

ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി തിയറ്ററിലെത്തുന്നത്. ഈ വർഷം ഭാവനയുടേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ടൊവീനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ എന്ന ചിത്രമാണ് ഇതിനു മുൻപ് റിലീസ് ചെയ്ത ഭാവനയുടെ ചിത്രം. തിരിച്ചു വരവിൽ‍ വമ്പൻ ഹിറ്റുകളൊന്നും സ്വന്തം പേരിൽ എഴുതി ചേർത്തിട്ടില്ല ഭാവന. സിലക്ടീവ് ആയതുകൊണ്ടു തന്നെ ഒരുപാട് സിനിമകളിൽ ഭാവന പ്രത്യക്ഷപ്പെടുന്നുമില്ല. ഇതിനു മുൻപ്, ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസ് എന്ന സിനിമയിലാണ് ഭാവന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ആ ചിത്രം വലിയ വിജയമായിരുന്നു. ആക്ഷൻ ത്രില്ലർ ഒരുക്കുന്നതിൽ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ആയ ഷാജി കൈലാസ് ഒരുക്കുന്ന മിസ്റ്ററി ത്രില്ലർ എന്നതാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. അതിനൊപ്പം ഭാവനയുടെ ഒരു മുഴുനീള കഥാപാത്രവും സിനിമയുടെ ആകർഷണങ്ങളിൽ ഒന്നാണ്. 

ചിരിപ്പിക്കാൻ മീര ജാസ്മിൻ
വിവാഹത്തിനു ശേഷം സിനിമയിൽ നിന്നു ഇടവേളയെടുത്തു മാറി നിന്ന താരമാണ് മീര ജാസ്മിൻ. അഭിനയത്തിന്റെ ആദ്യ ഇന്നിങ്സിൽ മികച്ച നടിക്കുള്ള ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ നേടിയ താരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിൽ സജീവമായത്. കഴിഞ്ഞ വർഷം എം.പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലും മീര ജാസ്മിൻ പ്രത്യക്ഷപ്പെട്ടു. പക്ഷേ, കാര്യമായ വാണിജ്യ വിജയം നേടാൻ ആ ചിത്രത്തിന് ആയില്ല. 

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന സിനിമയാണ് മീര ജാസ്മിന്റെ ഇന്ന് റിലീസിനെത്തുന്ന ചിത്രം. പ്രായത്തിൽ താഴെയുള്ള യുവാവിനെ പ്രണയിക്കുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ പ്രമേയത്തെ നർമത്തിന്റെ പശ്ചാത്തലത്തിലാണ് വി.കെ.പി അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയിലെ വി.കെ.പി ബ്രാൻഡിനൊപ്പം മീര ജാസ്മിന്റെ കരിസ്മയും ചേരുമ്പോൾ രസകരമായ ഒരു കോംബോ പ്രതീക്ഷിക്കാമെന്നാണ് കാണികളുടെ കണക്കുക്കൂട്ടൽ. ക്വീൻ,  ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അശ്വിൻ ജോസാണ് മീര ജാസ്മിന്റെ നായകൻ. സിനിമയില്‍ 33 വയസ്സുകാരിയായ സുമി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ 23 വയസിലെ രൂപം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് സിനിമയിൽ സൃഷ്ടിച്ചിരിക്കുന്നത്. മീരാ ജാസ്മിന്റെ 23 വയസ്സിലുള്ള ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് അതില്‍ റീക്രിയേഷന്‍ നടത്തിയാണ് എ.ഐ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. മൂന്നു മിനിറ്റിലേറെ ദൈർഘ്യമുള്ള ഈ രംഗം തീർച്ചയായും പ്രേക്ഷകർക്കും പുതിയ അനുഭവമാകും. 

കരുത്തോടെ നായികമാർ
പ്രമേയത്തിലും അവതരണത്തിലും പുതിയ കൊടുമുടികൾ താണ്ടുന്ന മലയാള സിനിമയ്ക്ക് പുതിയ ഗതിവേഗം നൽകുകയാണ് മലയാളികളുടെ സ്വന്തം നായികമാർ. ഒരു സിനിമയെ വിജയത്തിലെത്തിക്കാൻ കെൽപ്പുള്ള നായികമാരുടെ എണ്ണം കൂടുന്നത് തീർച്ചയായും സിനിമയുടെ ഉള്ളടക്കത്തിലും മേക്കിങ്ങിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. പലപ്പോഴും പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ അതിഗംഭീരമായി അവതരിപ്പിച്ചാണ് മലയാളത്തിന്റെ പ്രിയ നായികമാർ അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. അനുഭവങ്ങളുടെ പാകപ്പെടലിനു മുൻപ് സംഭവിച്ച അത്തരം കഥാപാത്രങ്ങളെ അത്രമേൽ ഗംഭീരമായി അവതരിപ്പിക്കാൻ ആ നായികമാർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ പ്രായവും അനുഭവങ്ങളും നൽകുന്ന ഉൾക്കാഴ്ചയിൽ തേച്ചു മിനുക്കപ്പെട്ട അഭിനയശരീരം എന്തൊക്കെ അദ്ഭുതങ്ങളാകും മലയാള സിനിമയ്ക്ക് കാത്തു വച്ചിരിക്കുക. ഉർവശിയും രേവതിയും ശോഭനയും പലപ്പോഴും അതു നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അവർക്ക് സാധ്യമാകാതെ പോയ ഇൻഡസ്ട്രി ഹിറ്റുകൾ ലക്ഷ്യം വച്ചാണ് പുതിയ തലമുറ നായികമാരുടെ പ്രയാണം. അതിലേയ്ക്കൊരു സുവർണ അധ്യായമാകുമോ ഈ വെള്ളിയാഴ്ച?


Source link

Related Articles

Back to top button