KERALAMLATEST NEWS

കോഴിക്കോട് ബീച്ചിലെത്തുന്നവര്‍ സൂക്ഷിക്കുക, ഉപയോഗിക്കുന്നത് ഹൈടെക് ഉപകരണങ്ങള്‍ വരെ

കോഴിക്കോട്: കടല്‍ക്കാറ്റേറ്റ് മനസും ശരീരവും കുളിര്‍പ്പിക്കാന്‍ ബീച്ചിലെത്തുന്നവര്‍ ജാഗ്രതൈ. നിറുത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കാന്‍ തസ്‌കരന്‍മാര്‍ കറങ്ങിനടപ്പുണ്ട്. മോഷണം പതിവായതോടെ പരിശോധന ശക്തമാക്കി പൊലീസ് രംഗത്ത്. ബീച്ച് പരിസരം, റെയില്‍വേ സ്റ്റേഷന്‍, ആളൊഴിഞ്ഞ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നിറുത്തിയിടുന്ന കാര്‍, ബൈക്ക് എന്നിവ കുത്തിത്തുറന്നാണ് മോഷണം. മോഷണം കൂടുതലും ബീച്ച് പരിസരങ്ങളിലാണ്. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, ക്യാമറ, ലെന്‍സ്, പണം, ലാപ്‌ടോപ്പ്, വാച്ചുകള്‍ എന്നിവയാണ് നഷ്ടപ്പെടുന്നവയില്‍ കൂടുതലും. പത്ത് കേസുകളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ടൗണ്‍ പൊലീസില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളാണ് രജിസ്റ്രര്‍ ചെയ്യുന്നത്. വിലപിടിപ്പില്ലാത്ത സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാതെ പോകുന്ന സംഭവങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു.

നിറുത്തിയിട്ട സ്‌കൂട്ടറുകളുടെ ഡിക്കിയില്‍ നിന്നും കാറില്‍ നിന്നും ക്യാമറകളാണ് കൂടുതലായും മോഷണംപോകുന്നത്. വൈകീട്ട് മുതല്‍ രാത്രിവരെയുള്ള സമയങ്ങളിലാണ് മോഷണം പതിവ്. കാറിന്റെ ഗ്ലാസുകള്‍ താഴ്ത്തിയിട്ട് പോകുന്നവരുമുണ്ട്. ബീച്ച് പരിസരങ്ങളില്‍ ക്യാമറ ഇല്ലാത്ത ഇടങ്ങളിലും തിരക്കുള്ള ദിവസങ്ങളിലുമാണ് മോഷണം കൂടുന്നതെന്നും സാധനങ്ങള്‍ മാത്രമല്ല വാഹനങ്ങളും മോഷണം പോകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഹൈടെക് കള്ളന്മാര്‍

ഹൈടെക് ഉപകരണങ്ങളും മറ്റും ഉപയോഗിച്ചാണ് ഇവരുടെ മോഷണം. പൂട്ടിയിട്ട സ്‌കൂട്ടറുകളുടെ ഡിക്കി ഹൈടെക് ടൂളുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തുറക്കുന്നത്. നിമിഷ നേരം കൊണ്ട് കാര്യം കഴിയും. ചില സമയങ്ങളില്‍ സ്‌കൂട്ടറിലെ താക്കോല്‍ എടുക്കാതെ പോകുന്നതും ഇവര്‍ക്ക് എളുപ്പമാവുകയാണ്. കാറിന്റെ ഗ്ലാസുകള്‍ ശബ്ദമില്ലാതെ പൊട്ടിച്ചും മോഷ്ടിക്കുന്നുണ്ട്. വാഹനം മോഷ്ടിക്കാന്‍ ഇലക്ട്രോണിക് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ഹാക്ക് ചെയ്യുന്ന സംഘങ്ങള്‍ വരെയുണ്ടെന്ന് പൊലീസ് പറയുന്നു. പിടിക്കപ്പെടുന്ന മോഷ്ടാക്കള്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തത പയ്യന്‍മാരും യുവാക്കളുമാണ്.

ശ്രദ്ധ വേണം

1. ബീച്ചിലിറങ്ങുമ്പോള്‍ വാഹനങ്ങള്‍ പൂട്ടി ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക

2. വിലപിടിപ്പുള്ള ക്യാമറ, പണം, ആഭരണം തുടങ്ങിയവ സുരക്ഷിതമായ ഇടങ്ങളില്‍ സൂക്ഷിക്കുക

3. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ ഇവ കൈവശം കരുതുക

4. കാറിന്റെ ഗ്ലാസ് താഴ്ത്തി ഇടാതിരിക്കുക

5. ബൈക്ക് താക്കോല്‍ സ്‌കൂട്ടറില്‍ വച്ച് പോകാതിരിക്കുക

6. ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുക

”നിരവധി കേസുകളാണ് അടുത്തിടെ രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളന്മാരെ പിടികൂടാനായി പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കി. മഫ്ടിയില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വി ക്യാമറകളില്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്”

അഷറഫ് തെങ്ങലക്കണ്ടി, എ.സി.പി, ടൗണ്‍ പൊലീസ്


Source link

Related Articles

Back to top button