ആലപ്പുഴ : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ പിന്നാലെ നടി പാർവതി തിരുവോത്ത് സിനിമാ കോൺക്ലേവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്, സിനിമാ കോൺക്ലേവിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കുന്നതിന് മുൻപ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് പാർവതി തിരുവോത്ത് നേരത്തെ ചോദിച്ചിരുന്നു. ഇതിനാണ് പാർവതിയുടെ പേര് പരാമർശിക്കാതെ മന്ത്രിയുടെ മറുപടി.
രാജ്യത്ത് ഒരു സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രവും വിശദവുമായ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളൂ. മറ്റൊരു സംസ്ഥാനവും സ്വീകരിച്ചിട്ടില്ലാത്ത ധീരമായ നിലപാടാണിത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് വൈകിയതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നിൽ വന്ന് കാര്യങ്ങൾ വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതാണ്. ഇപ്പോൾ ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയം പ്രവർത്തിച്ചു തുടങ്ങി. കോൺക്ലേവിന്റെ വിശദാംശങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല, പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നതെന്ന് എം.ബി . രാജേഷ് ചോദിച്ചു.
സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം എന്ന ഒറ്റ ഉദ്ദേശമേ സർക്കാരിന് മുന്നിലുള്ളൂവെന്നാണ് സാംസ്‌കാരികമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ആ നയം ആവിഷ്‌കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവർ ഉൾപ്പെട്ട കോൺക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതിൽ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
Source link