KERALAMLATEST NEWS

ഓണക്കാലത്ത് ക്ഷീര കർ‌ഷകർക്ക് അധികലാഭം,​ നിർണായക തീരുമാനം പ്രഖ്യാപിച്ച് മിൽമ

തിരുവനന്തപുരം : ഓണക്കാലത്ത് ക്ഷീരകർഷകർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ,​ ഒരു ലിറ്റർ പാലിന് ഒൻപത് രൂപ വീതം അധിക വില നൽകാൻ യൂണിയൻ ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു. ഇതിൽ ഏഴുരൂപ ക്ഷീരസംഘങ്ങൾക്ക് അധിക പാൽവിലയായി നൽകും. രണ്ട് രൂപ മേഖലാ യൂണിയനിൽ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ക്ഷീര സംഘങ്ങൾക്ക് നൽകുന്ന ഏഴു രൂപയിൽ അഞ്ചുരൂപ ക്ഷീര കർഷകർക്ക് നൽകണം. രണ്ട് രൂപ സംഘങ്ങളുടെ കൈകാര്യ ചെലവിനായി വിനിയോഗിക്കാം. 2024 ജൂലായിൽ സംഘങ്ങൾ യൂണിയന് നൽകിയ പാലളവിന് ആനുപാതികമായി ആഗസ്റ്റ് മാസത്തിലെ പാൽവിലയോടൊപ്പമായിരിക്കും ഇപ്പോൾ പ്രഖ്യാപിച്ച ഇൻസെന്റീവ് നൽകുക. ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലുള്ള ക്ഷീരസംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി പാൽവില ഒരു ലിറ്ററിന് 53.76 രൂപയായി വർദ്ധിക്കും.

പുതിയ തീരുമാനം നടപ്പാവുന്നതോടെ ഏകദേശം 6.40 കോടി രൂപയുടെ അധിക ചെലവാണ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മേഖലായൂണിയൻ 2023- 24 സാമ്പത്തിക വർഷം അധിക പാൽവില നൽകുന്നതിനായി 11.78 കോടി രൂപയും 2024-25 സാമ്പത്തിക വർഷം ഇതുവരെ 1.37 കോടി രൂപയും ചെലവഴിച്ചതായി ചെയർമാൻ അറിയിച്ചു.


Source link

Related Articles

Back to top button