ബ്ലാസ്റ്റേഴ്സ് x ബംഗളൂരു രാത്രി ഏഴിന്
കോൽക്കത്ത: 2024 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചിരവൈരികളായ ബംഗളൂരു എഫ്സിയെ ഇന്നു നേരിടും. കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ഈ തീപ്പൊരിപ്പോരാട്ടം. ഇന്നു നടക്കുന്ന ആദ്യ ക്വാർട്ടറിൽ നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പഞ്ചാബ് എഫ്സിയെ നേരിടും. വൈകുന്നേരം നാലിനു ജംഷഡ്പുരിലാണ് ഈ മത്സരം അരങ്ങേറുന്നത്. ഇന്നത്തെ ക്വാർട്ടർ ജേതാക്കൾ തമ്മിലാണ് സെമി ഫൈനൽ പോരാട്ടം. സൂപ്പർ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിലെത്തിയിരിക്കുന്നത്. സ്വീഡിഷ് പരിശീലകനായ മൈക്കിൾ സ്റ്റാറെയുടെ ശിക്ഷണത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം ക്ലബ് ചരിത്രത്തിലെ കന്നിക്കിരീടമാണ്. 2014ൽ ഐഎസ്എൽ ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യൻ ക്ലബ് ഫുട്ബോൾ രംഗത്തുണ്ടെങ്കിലും നാളിതുവരെയായി കേരള ബ്ലാസ്റ്റേഴ്സിന് ഒരു ട്രോഫിയിൽ ചുംബിക്കാൻ സാധിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു ഹാട്രിക് നേടിയ മൊറോക്കൻ ലെഫ്റ്റ് വിംഗർ നോഹ സദൗയിയാണ് ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ട്. ആറു ഗോൾ നേടിയ സദൗയിയാണ് 2024 ഡ്യൂറൻഡ് കപ്പിൽ നിലവിലെ ടോപ് സ്കോറർ.
ഗ്രൂപ്പ് ഘട്ടത്തിൽ 16 ഗോൾ ഗ്രൂപ്പ് സി ചാന്പ്യന്മാരായാണ് ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ പ്രവേശം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ 8-0ന് ബ്ലാസ്റ്റേഴ്സ് തകർത്തു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. രണ്ടാം മത്സരത്തിൽ പഞ്ചാബ് എഫ്സിയുമായി 1-1 സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ്, മൂന്നാം മത്സരത്തിൽ സിഐഎസ്എഫ് പ്രൊട്ടക്റ്റേഴ്സിനെ 7-0നു കീഴടക്കി. മൂന്നു മത്സരങ്ങളിൽനിന്ന് 16 ഗോളാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ അടിച്ചുകൂട്ടിയത്. ഡിയസ് x ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബി ചാന്പ്യന്മാരായാണ് ബംഗളൂരു എഫ്സി ക്വാർട്ടറിലെത്തിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം ഹൊർഹെ പെരേര ഡിയസ് ഇത്തവണ ബംഗളൂരു എഫ്സിക്കൊപ്പമുണ്ടെന്നതു ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു ഗോളും ഡിയസ് സ്വന്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പിൽ ഇന്ത്യൻ നേവി (4-0), ഇന്റർ കാശി (3-0), മുഹമ്മദൻ (3-2) ടീമുകളെ കീഴടക്കിയാണ് ബംഗളൂരു നോക്കൗട്ടിലെത്തിയിരിക്കുന്നത്.
Source link