കുട്ടിയെ കേരളത്തിലെത്തിക്കും; കഴക്കുട്ടം വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തിലേക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയെ തിരിച്ചെത്തിക്കാൻ കഴക്കൂട്ടം വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. വേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോർബ ട്രെയിനിലാണ് യാത്ര തിരിച്ചത്. വനിതാ പൊലീസ് ഉൾപ്പെടെ നാല് പേരാണ് പോകുന്നത്.

കഴിഞ്ഞദിവസം വീട്ടിൽ നിന്നിറങ്ങി പിന്നീട് കാണാതായ പെൺകുട്ടിയെ 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടി ഇപ്പോൾ അവിടുത്തെ പൊലീസ് സംരക്ഷണയിലാണ്. വെെദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകള്‍ തസ്മിത് തംസിയെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അന്‍വര്‍ ഹുസൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പെണ്‍കുട്ടി ആഹാരം കഴിക്കാത്തതിനാല്‍ തന്നെ ക്ഷീണിതയായിരുന്നു. താംബരം എക്‌സ്പ്രസില്‍ നിന്നാണ് മലയാളി അസോസിയേഷന്‍ പ്രതിനിധികൾ കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിലെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു പെണ്‍കുട്ടി. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തിയ പെണ്‍കുട്ടി ഇവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു. വീട്ടില്‍ നിന്ന് വഴക്ക് കൂടിയതിനെത്തുടര്‍ന്ന് പിണക്കം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.


Source link

Exit mobile version