നിശബദ്ത പരിഹാരമാകില്ല: സംഘടനകൾക്കെതിരെ ലിജോ ജോസ് പെല്ലിശ്ശേരി | Lijo Jose Pellissery Hema Commission
നിശബ്ദത പരിഹാരമാകില്ല: സംഘടനകൾക്കെതിരെ ലിജോ ജോസ് പെല്ലിശ്ശേരി
മനോരമ ലേഖകൻ
Published: August 22 , 2024 03:10 PM IST
1 minute Read
ലിജോ ജോസ് പെല്ലിശ്ശേരി
ഹേമ്മ കമ്മിഷനു മുമ്പാകെ വന്നിട്ടുള്ള പരാതികളും മൊഴികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.
‘‘ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. നിശബ്ദത ഇതിനു പരിഹാരമാകില്ല.’’–ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകൾ.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയെന്ന ചോദ്യവുമായി നിർമാതാവും നടിയുമായ സാന്ദ്ര തോമസും എത്തിയിരുന്നു. വിഷയത്തില്‍ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണമെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
‘‘സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കോംപ്റ്റിറ്റിവ് കമ്മിഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്.
ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവർക്കും അറിയാം. ലോകസിനിമയ്ക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട്, ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയും.
കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന് വ്യക്തമാക്കണം.’’–സാന്ദ്ര തോമസിന്റെ വാക്കുകൾ.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക ഇടപെടലുമായി ഹൈക്കോടതിയും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാൻ സാധിക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനും ആക്ടിങ്് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളിൽ എന്തു നടപടി എടുക്കാൻ സാധിക്കുമെന്ന് അറിയിക്കാനും സർക്കാരിന് നിർദേശിച്ചു. നടപടിയെടുത്തില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് ഉൾപ്പെടെയുള്ളവ പാഴ്‌വേലയാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.
English Summary:
Lijo Jose Pellissery On Hema Commission Report
7rmhshc601rd4u1rlqhkve1umi-list 77scafi89fpc6f0mo5dlqud4dd mo-news-common-hema-commission-report f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-lijo-jose-pellissery
Source link