ഇത് ഞങ്ങളുടെ കുട്ടിയെന്ന് ഒരു കൂട്ടം പുരുഷന്മാർ, ചോദ്യം ചെയ്യലിന് പിന്നാലെ പിന്മാറ്റം; തസ്മിത്തിനെ കണ്ടെത്തിയപ്പോൾ സംഭവിച്ചത്

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയെ ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം ഒപ്പമുണ്ടായിരുന്നതായി വിവരം. മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയാണെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം.
താംമ്പരത്ത് നിന്ന് ബംഗാളിലേക്ക് പോകുന്ന ട്രെയിനിന്റെ മുൻനിരയിൽ ജനറൽ കംപാർട്ട്മെന്റിൽ ഒരു കൂട്ടം പുരുഷന്മാർക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്. മലയാളി അസോസിയേഷൻ പ്രതിനിധികൾ ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പിന്മാറുകയായിരുന്നു. കുട്ടിയെ കേരളത്തിലേക്ക് എത്തിക്കാനായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം വിശാഖപട്ടണത്തിലേക്ക് തിരിച്ചിട്ടുണ്ട്. വേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോർബ ട്രെയിനിലാണ് യാത്ര തിരിച്ചത്. വനിതാ പൊലീസ് ഉൾപ്പെടെ നാല് പേരാണ് പോകുന്നത്.
കഴിഞ്ഞദിവസം വീട്ടിൽ നിന്നിറങ്ങി പിന്നീട് കാണാതായ പെൺകുട്ടിയെ 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടി ഇപ്പോൾ അവിടുത്തെ പൊലീസ് സംരക്ഷണയിലാണ്. വെെദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകള്‍ തസ്മിത് തംസിയെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അന്‍വര്‍ ഹുസൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Source link