ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ഗുരുതരമായ ആരോപണങ്ങളിൽ കേസ് എടുത്ത് മുന്നോട്ടു പോകണമെന്ന് നടൻ ബാല. സത്യമായ കാര്യത്തിന് കുറ്റവാളിക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ പരാതി പറഞ്ഞവർ മാനസിക വിഷമത്തിൽ ആകുമെന്നും ബാല പറയുന്നു.
‘ഇപ്പോൾ നിലവിൽ സിനിമാ രംഗത്ത് എത്ര പൊലീസ് കേസുകൾ ഉണ്ട്, എത്ര സെലിബ്രിറ്റികളുടെ പേരിൽ കേസുണ്ട്. ഇതുവരെ എന്തെങ്കിലും സംഭവിച്ചോ ഇല്ലല്ലോ. ന്യായം എവിടെയായാലും അവരുടെ പക്ഷത്താണ് ഞാൻ. സ്ത്രീയുടെ ഭാഗത്താണ് ന്യായമെങ്കിൽ അവരുടെ പക്ഷത്ത് ഞാൻ ഉണ്ടാകും. ഒരാളുടെ സെലിബ്രിറ്റി സ്റ്റാറ്റസും പണവും കണ്ടിട്ട് ഒരു പെണ്ണ് ഒരാളെ ഹരാസ് ചെയ്താൽ ഞാൻ ഉറപ്പായും അയാളുടെ കൂടെ ഉണ്ടാകും. ഈ കമ്മിഷനും അന്വേഷണങ്ങളും എല്ലാം പൂർത്തിയായാലും ഒന്നും നടക്കാൻ പോകുന്നില്ല. അത് എനിക്കും നിങ്ങൾക്കും അറിയാം. ഇത് വളരെ സങ്കടത്തോടെ ഞാൻ പറയുകയാണ്. പണ്ടത്തെ കാലം മുതൽ എത്രയോ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഇപ്പോൾ സ്ത്രീകൾ ധൈര്യമായി മുന്നോട്ടുവന്ന പരാതികൾ പറയുന്നുണ്ട് അതിനെ ഞാൻ അഭിനന്ദിക്കുന്നു. സത്യമായ കാര്യത്തിന് ഒരു കുറ്റവാളിക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ പരാതി പറഞ്ഞവർ മാനസിക വിഷമത്തിൽ ആകും. അവിടെ അവരും നിയമവും തോറ്റു പോവുകയാണ്. ഇതിനകത്ത് ഒരു ക്രിമിനൽ കേസും ഇതുവരെയും വന്നിട്ടില്ല. അങ്ങനെ വന്നാൽ തന്നെയും എവിടെ വരെ പോകാനാണ്. മുൻപേ തന്നെ റജിസ്റ്റർ ചെയ്ത ക്രിമിനലിൽ കേസുകളിൽ ഇതുവരെയും കേരളത്തിൽ ഒരു നടപടിയും ആയിട്ടില്ല.’ ബാല പറയുന്നു.
‘ഒരു പെണ്ണ് ഒരാൾക്കെതിരെ പരാതി കൊടുക്കുമ്പോൾ ഉടനെ ദുബായിലേക്ക് ഓടി പോവുകയാണ് ചിലർ. അങ്ങനെ ഓടി പോകുന്നത് എന്താണ് ? ഒരു മാസം അവിടെ കഴിഞ്ഞിട്ട് തിരിച്ചു വരുമ്പോഴേക്കും നിങ്ങളെല്ലാം മറന്നുപോകും അതുകൊണ്ടാണ്. ദുബായിൽ പോയി കള്ളുകുടിച്ച് ജോളി ആയിരിക്കും. പത്തിരുപത് ദിവസത്തിൽ ജാമ്യം കിട്ടും. അതിനുശേഷം ആ പെണ്ണിനെ വിളിച്ചു നോക്ക് നമുക്ക് കോംപ്രമൈസ് ചെയ്യാം നിനക്ക് 20 ലക്ഷമോ 30 ലക്ഷമോ തരാം എന്ന് പറയും. ഇങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത്. ഞാൻ സത്യം തുറന്നു പറയുമ്പോൾ ആർക്കും ഇഷ്ടപ്പെടില്ല. ഒരു പെണ്ണ് വന്ന് ഒരു കേസ് കൊടുക്കണമെങ്കിൽ അവൾക്ക് എത്രമാത്രം ധൈര്യം ഉണ്ടാകണം. അതു കൊടുത്തു കഴിയുമ്പോൾ വീട്ടുകാരും നാട്ടുകാരും എല്ലാം അറിയും. ആ പ്രക്രിയ നടക്കുമ്പോൾ മറ്റുള്ളവർ എന്തു പറയും. ഇവൾ ഇങ്ങനെ പോയവളാണ് എന്ന് പറയുമായിരിക്കും. ആ കേസ് ഇങ്ങനെ അന്തമില്ലാതെ നീണ്ടുപോകുമ്പോൾ അത് അവർ താങ്ങില്ല. അവസാനം ഈ സമൂഹം അവളെ ഒരു തെറ്റായ പെണ്ണായി മാറ്റും. ഒത്തുതീർപ്പിനു വിളിച്ച് കാശുകൊടുത്ത് അവളെ വിലയ്ക്ക് എടുക്കുമ്പോൾ അവള് മോശക്കാരിയായി മാറി. അല്ലാതെ അവൾ മനഃപൂർവം വഴിതെറ്റി പോകുന്നതല്ല. ഈ നിയമത്തിൽ നിന്നും ഒരു വിധി കിട്ടാതെ കഷ്ടപ്പെട്ട് ഈ സമൂഹത്തിൽ നിൽക്കുമ്പോൾ അല്ല മറിച്ച് ഒത്തുതീർപ്പിനു കാശ് വാങ്ങുമ്പോൾ ആണ് ചീത്തയാകുന്നത്. അവർക്ക് വേറെ വഴിയില്ല.’ ബാല പറഞ്ഞു.
‘എന്റെ ജീവിതത്തിൽ നടന്ന കാര്യം ഞാൻ പറയാം. ഞാൻ മുൻപ് തന്നെ പറഞ്ഞതാണ്. ഒരു മ്യൂസിക് ഡയറക്ടർ ഉണ്ട്, എന്ന് ഞാൻ മുൻപ് പേരെടുത്ത് പറഞ്ഞതാണ്. പ്രശസ്തിക്കുവേണ്ടി ആണുങ്ങളെ ചതിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്. അതുപോലെ കാമഭ്രാന്തന്മാരായ ആണുങ്ങളും ഇവിടെ ഉണ്ട്. ഞാൻ മുൻപ് ശബ്ദസന്ദേശം ഉൾപ്പെടെയാണ് പറഞ്ഞത്. ഞാൻ പറഞ്ഞാൽ കേൾക്കാൻ ആരുമില്ല. പക്ഷേ ചുരിദാറോ സാരിയോ ഉടുത്ത ഒരു പെണ്ണ് വന്നിരുന്നു പറഞ്ഞാൽ കേൾക്കാൻ ആളുണ്ട്. എന്നെ നിങ്ങൾ ലൈവിൽ കൊണ്ടുവാ ഞാൻ എല്ലാം തുറന്നു പറയാം. അടുത്തവരുടെ കുടുംബത്തിൽ കയറി കളിക്കുന്ന കാമഭ്രാന്തന്മാർ ആര്, എന്തൊക്കെ ചെയ്തിട്ടുണ്ട്, മക്കളും ഭാര്യയുമുള്ള കുടുംബമാണെന്ന് നോക്കാതെ എങ്ങനെ ഒക്കെ ഒരു കുടുംബത്തെ ചെയ്തു നശിപ്പിച്ചു, നിയമം എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നും എല്ലാം ഞാൻ പറയാം. അങ്ങനെ എന്നെ കൊണ്ടുവരാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ഞാൻ ചാലഞ്ച് ചെയ്യുകയാണ്.’
‘ജീവിതത്തിൽ നേട്ടം കൊയ്ത വലിയ നിർമാതാക്കൾ, സൂപ്പർ താരങ്ങൾ തുടങ്ങിയവർ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അവർ സിനിമയെ ദൈവമായി കാണുന്നത് കൊണ്ടാണ്. അവർക്ക് കുടുംബത്തിന് അപ്പുറം പോയി സെക്സ് ചെയ്യണമെന്നുണ്ടെങ്കിൽ അതിന് സിനിമയുടെ ആവശ്യമില്ല. റിസ്ക് എടുത്ത് സ്വന്തം സ്വന്തം തൊഴിലിന്റെ ഇടയിൽ അത് ചെയ്യേണ്ട ആവശ്യമില്ല. അവർക്ക് പ്രശസ്തി ഉണ്ടെന്നു കരുതി അവരെ ടാർഗറ്റ് ചെയ്ത് നശിപ്പിക്കാതെ ഇരിക്കുക. നമുക്ക് നേരിട്ട് അറിയുന്ന സൂപ്പർ താരങ്ങളെ കുറിച്ച് ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ വലിയ വേദനയാണ് തോന്നുന്നത്. ഏറ്റവും മുകളിലും താഴേക്കിടയിലും അല്ലാതെ ഇടയിൽ നിൽക്കുന്ന ചില താരങ്ങൾ ഉണ്ട്. അവരാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. അവർക്കെതിരെ പരാതികൾ കോടതിയിലും പൊലീസ് സ്റ്റേഷനിലും എല്ലായിടത്തും പോയിട്ടുണ്ട്. ഞാൻ നാലുവർഷമായി കേസ് കൊണ്ട് നടക്കുകയാണ് ഒരു പിണ്ണാക്കും ഇവിടെ നടന്നിട്ടില്ല പിന്നെയാണ് ഹേമ കമ്മിഷൻ. ഹേമ കമ്മിഷനെ കുറിച്ച് പുച്ഛത്തോടെ സംസാരിക്കുകയല്ല, എന്റെ മനസ്സിലെ സങ്കടമാണ് ഞാൻ പറയുന്നത്. ഇപ്പോഴെങ്കിലും ഒരു ആക്‌ഷൻ എടുക്കണം. ഇതിനു മുമ്പുള്ള കേസുകളൊക്കെ കിടക്കുവല്ലേ, ഇപ്പോഴെങ്കിലും എന്തെങ്കിലും സംഭവിക്കണം.’ ബാല തുറന്നടിച്ചു.
‘ദേശീയ അവാർഡ് വാങ്ങുന്ന താരങ്ങൾ വരെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഉണ്ട് ഞാൻ ആരെക്കുറിച്ച് ആണ് പറയുന്നതെന്ന് മനസ്സിലായിട്ടുണ്ടാവും. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ കർണാടകയിലും ഉണ്ട് കേസ്. എന്റെ പേരുള്ള ഒരു താരത്തിനെ കുറിച്ചുള്ള ന്യൂസ് പോലും പുറത്തു വന്നില്ലേ. എന്നിട്ട് ഇതുവരെ എന്തെങ്കിലും നടപടി ഉണ്ടായോ. എന്റെ ചോദ്യം ഇതേ ഉള്ളൂ നിയമപരമായി കേസെടുക്കാനുള്ള വകുപ്പ് ഹേമ കമ്മിറ്റിയിൽ ഉണ്ട്. അങ്ങനെ കേസ് എടുത്താലും നിയമപരമായി അവർക്ക് ശിക്ഷ കിട്ടുമോ. അതിനുള്ള വകുപ്പ് കേരളത്തിൽ എങ്കിലും ഉണ്ടോ. മറ്റ് സംസ്ഥാനങ്ങളുടെ കാര്യം പോട്ടെ ഇവിടെയെങ്കിലും ഉണ്ടായെങ്കിൽ നന്നായിരുന്നു.
കാസ്റ്റിങ് കൗച്ച് മലയാള സിനിമയിൽ മാത്രമല്ല എല്ലാ ഫീൽഡിലും ഉണ്ട്. പ്രീതി സിന്റ എന്ന ഒരു ഹിന്ദി നടിയുണ്ട്. ഒരു കാലഘട്ടത്തിൽ പറഞ്ഞു കേട്ടിട്ടുള്ളത് ദാവൂദ് ഇബ്രാഹിം എന്ന ഇന്റർനാഷ്നൽ ഡോൺ വിളിക്കുമ്പോൾ നടിമാർ എല്ലാം അയാളുടെ അടുത്ത് പോയിരിക്കണം എന്നാണ്. പക്ഷേ പ്രീതി സിന്റയെ വിളിച്ചപ്പോൾ അവർ അയാളോട് പറഞ്ഞു ‘‘ഒരു നടിയായില്ലെങ്കിലും ഞാൻ ആത്മാഭിമാനം ഉള്ള സ്ത്രീയായി ജീവിക്കും അതുകൊണ്ട് നീ പോടാ’’ എന്ന്. അങ്ങനെയും ധൈര്യമായി പ്രതികരിക്കുന്ന ആളുകളുണ്ട്. സൗത്ത് ഇന്ത്യയിലും കേരളത്തിലും എല്ലായിടത്തും ധൈര്യമുള്ള സ്ത്രീകൾ ഉണ്ട്.’ ബാല പറഞ്ഞു.
‘ഒരാൾക്ക് ഒരാളെ വേദനിപ്പിക്കാൻ പറ്റും, പക്ഷേ അവരുടെ വളർച്ച തടയാൻ പറ്റില്ല. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഒരു നടൻ വിചാരിച്ചാൽ ചിലപ്പോൾ വേറൊരു നടനെ ഒരു സിനിമയിൽ വേണ്ട എന്ന് പറയാൻ കഴിയുമായിരിക്കും. ആ സിനിമ ചിലപ്പോൾ വലിയ ഹിറ്റ് ആവും അതിൽ അഭിനയിച്ചിരുന്നെങ്കിൽ ഞാനും ഒരു വലിയ താരമായിരുന്നേനെ എന്ന് ഒരാൾക്ക് തോന്നും. ആ സമയത്ത് ഒരു പക മനസ്സിൽ വരും. ആ ദേഷ്യത്തിന്റെ പേരിൽ ചിലത് വിളിച്ചു പറയുന്നതിൽ കഴമ്പുണ്ടായില്ല. പക്ഷേ സെക്ഷ്വൽ ഹരാസ്മെന്റിനെ കുറിച്ച് പരാതി ഉണ്ടായാൽ അതിൽ നടപടി എടുക്കുക തന്നെ വേണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത് എന്തായാലും അതെല്ലാം വ്യക്തികളോട് ചോദിക്കണം എന്നിട്ട് കേസ് റജിസ്റ്റർ ചെയ്യണം നടപടി ഉണ്ടാകണം. കുറ്റക്കാരെ ശിക്ഷിക്കാനുള്ള ഒരു വകുപ്പ് ഉണ്ടാക്കണം. ഇതെല്ലാം ചെയ്യാതെ വെറുതെ ഒരു കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടിട്ട് എന്ത് കാര്യം. കുറേ ദിവസം ചർച്ച ചെയ്യാനുള്ള കാര്യങ്ങൾ മീഡിയയ്ക്ക് കിട്ടി അല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ല. കാരണം നിലവിൽ റജിസ്റ്റർ ചെയ്ത കേസുകൾക്ക് ഇവിടെ വർഷങ്ങളായി തീരുമാനങ്ങൾ ഒന്നുമുണ്ടായിട്ടില്ല.’’–ബാലയുടെ വാക്കുകൾ.
English Summary:
Hema Committee Report: Actor Bala Demands Justice, Action Against Abuse Allegations
Source link