‘ഡബ്ല്യുസിസിയിൽ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ കണ്ടത് ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും മാത്രം’ ഭാഗ്യലക്ഷ്മി

‘ഡബ്ല്യുസിസിയിൽ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ കണ്ടത് ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും മാത്രം’ ഭാഗ്യലക്ഷ്മി | Bhagyalakshmi on WCC and Hema Committee Report

‘ഡബ്ല്യുസിസിയിൽ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ കണ്ടത് ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും മാത്രം’ ഭാഗ്യലക്ഷ്മി

മനോരമ ലേഖിക

Published: August 22 , 2024 12:48 PM IST

2 minute Read

ഹേമ കമ്മിറ്റി മുൻപാകെ മൊഴി കൊടുത്ത ഡബ്ല്യു.സി.സി അംഗങ്ങളിലാരെങ്കിലും കേസുമായി മുൻപോട്ടു പോകാൻ ധൈര്യപ്പെടുന്നുണ്ടോയെന്ന് ഭാഗ്യലക്ഷ്മി. കമ്മിറ്റിക്ക് മൊഴി കൊടുത്ത 62 പേരും ഡബ്ല്യുസിസിയിലെ അംഗങ്ങളോ അവർ നിർദേശിച്ചവരോ ആണ്. അവരുടെ രഹസ്യമൊഴി പുറത്തു വരരുതെന്ന് നിർദേശിച്ചതും അവരാണ്. ഹേമ കമ്മിറ്റിക്ക് താൻ കൊടുത്ത മൊഴി പുറത്തുവിടുന്നതിൽ ഭയക്കുന്നില്ലെന്നും കേസുമായി മുൻപോട്ടു പോകാനുള്ള ആർജ്ജവം മറ്റുള്ളവരും കാണിക്കണമെന്നും മനോരമ ഓൺലൈന്റെ ‘ഷീ ടോക്സ്’ പരിപാടിയിൽ സംസാരിക്കവേ ഭാഗ്യലക്ഷ്മി പ്രതികരിച്ചു. 
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:

‘ഹേമ കമ്മിറ്റി റിപ്പോർട്ട് ഡബ്ല്യു.സി.സിയുടെ വിജയം ആയിക്കൊള്ളട്ടെ. ഞാനെന്തെങ്കിലും പറഞ്ഞാൽ ഡബ്ല്യു.സി.സിയിൽ ഇല്ലാത്തതുകൊണ്ടാണെന്നു പറയും. സത്യത്തിൽ അതുകൊണ്ടല്ല. ഡബ്ല്യു.സി.സി എന്ന കൂട്ടായ്മയിൽ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഈ കൂട്ടായ്മ ഞാൻ കണ്ടത് ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും മാത്രമാണ്. അന്ന് മുഖ്യമന്ത്രിയെ കാണാൻ പോയത് ആരായിരുന്നു ? മലയാളത്തിലെ പ്രശസ്തരായ നടിമാർ ! ഈ പ്രശസ്തരായ നടിമാർക്കൊന്നും ഇവിടെ പ്രശ്നങ്ങളില്ല. ആദ്യമായി വരുന്നവർക്കാണ് പ്രശ്നം. ഇനി അവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ആരാണെന്ന് അവർ പോലും തുറന്നു പറയുന്നില്ല. അവർ ആദ്യകാലങ്ങളിലും പ്രതികരിച്ചിട്ടില്ല. ഇപ്പോഴും പറയുന്നില്ല.’ ഭാഗ്യലക്ഷ്മി പറഞ്ഞു. 

‘ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈംഗിക ആരോപണങ്ങളാണ് നാം ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അതല്ലാത്ത ഒരുപാട് ആരോപണങ്ങളുണ്ട്. 35 വയസ്സായ സ്ത്രീകൾക്ക് അംഗത്വം കൊടുക്കില്ലെന്ന് സിനിമയുമായി ബന്ധപ്പെട്ട ഒരു സംഘടനയിൽ നിയമം ഉണ്ടായിരുന്നു. അതിനെതിരെ പോരാടി അതു മാറ്റിയിട്ടുണ്ട്. തൃശൂരിൽ ഒരു സ്ത്രീ നടത്തുന്ന തിയറ്ററിൽ എക്സിബിറ്റേഴ്സ് സംഘടന സിനിമ കൊടുക്കില്ലെന്ന് അവർ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞത് നാം കണ്ടതാണ്. ആരും അവരെ സഹായിച്ചില്ല. അതൊക്കെ ചേരുന്നതാണ് ശരിക്കും ഡബ്ല്യൂസിസി. പക്ഷേ, അവരെയൊന്നും സഹായിക്കാൻ ആരുമില്ല.’ ഭാഗ്യലക്ഷ്മി പറയുന്നു.  

‘ഈ ഹേമ കമ്മിറ്റിയുടെ മുൻപാകെ പോയി സംസാരിച്ചതു പോലും ഡബ്ല്യു.സി.സിയും അവർ നിർദേശിച്ചവരുമാണ്. എന്നെയും നിർദേശിച്ചത് ഡബ്ല്യു.സി.സിയാണ്. അവരുടെ നിർദേശത്തിൽ പോയ 62 പേരാണ് ഹേമ കമ്മിറ്റിക്കു മുൻപാകെ പോയി മൊഴി കൊടുത്തത്. മലയാള സിനിമയിൽ 62 പേരാണോ സ്ത്രീകൾ ? തിയറ്റർ ഉടമകൾക്കു പറയാൻ പലതും കാണും. മെയ്ക്കപ്പ് ആർടിസ്റ്റുകൾക്കും ഹെയർ സ്റ്റൈലിസ്റ്റുകൾക്കും പറയാനുണ്ടാകും. ഇവരെയൊന്നും പരിഗണിച്ചിട്ടില്ല. അവരുടെയൊക്കെ പരാതി ഇതായിരുന്നു. ലൈംഗികാരോപണം മാത്രമല്ല, മറ്റു പലതും പറയാനുണ്ട്.’ ഭാഗ്യലക്ഷ്മി തുറന്നടിച്ചു. 
‘ജൂനിയർ ആർടിസ്റ്റുകളുടെ അവസ്ഥ ആലോചിച്ചു നോക്കൂ. അവർക്ക് സെറ്റിൽ ഇരിക്കാൻ ഒരു കസേര ഇല്ല. ശുചിമുറി ഇല്ല. വസ്ത്രം മാറാൻ ഇടം ഇല്ല. ഡാൻസ് കളിക്കുന്നവർ ഹോട്ടലിൽ നിന്ന് ഡ്രസ് മാറിയാണ് വരുന്നത്. ഒരു വലിയ വാനിലാണ് അവർ സെറ്റിൽ വന്നിറങ്ങുന്നത്. പക്ഷേ, ശുചിമുറിയിൽ പോകണ്ടേ ? ഇതെല്ലാം വിഷയങ്ങളാണ്. ആയിരക്കണക്കിന് സ്ത്രീകളുണ്ട്. അതിൽ നിന്ന് 62 പേരുടെ മാത്രമെ മൊഴി എടുത്തിട്ടുള്ളൂ. അതിലൊക്കെ എനിക്ക് പ്രതിഷേധമുണ്ട്. ഞങ്ങൾ നിങ്ങൾക്കു വേണ്ടിയാണ് എന്നതല്ല, ഞങ്ങൾ നിങ്ങളിൽ ചിലർക്കു വേണ്ടിയാണ് എന്നു പറയുന്നതു പോലെ എനിക്കു തോന്നി. പക്ഷേ, ഇനിയും സമയമുണ്ട്. ഇതൊരു സുവർണാവസരമാണ്. ഇതു പുറത്തു വരണമെന്നു‌ണ്ടെങ്കിൽ ഡബ്ല്യു.സി.സിയിലെ ആരെങ്കിലും ധൈര്യത്തോടെ മുൻപോട്ടു വരട്ടെ ! ഒരാളെങ്കിലും പറയുക, ഈ വ്യക്തിക്കെതിരെ ഞാൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞാൽ, അവിടം മുതൽ കേസ് തുടങ്ങും’ ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.  

English Summary:
Bhagyalakshmi challenges WCC members to publicly reveal their testimonies to the Hema Committee, questioning their commitment to fighting for women in the Malayalam film industry.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-bhagyalakshmi mo-entertainment-common-malayalammovienews mo-entertainment-movie-wcc mo-news-common-hema-commission-report f3uk329jlig71d4nk9o6qq7b4-list 5q2s01ln4q8nrs4c8d73ghptt5


Source link
Exit mobile version