‘കഞ്ചാവിന്റെ മണം മാത്രം പോര, തെളിവ് വേണം’, 22കാരന്റെ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് നിലനിൽക്കണമെങ്കിൽ മണം മാത്രം പോര തെളിവ് വേണമെന്ന് ഹൈക്കോടതി. പാലക്കാട് സ്വദേശിയായ 22കാരന്റെ പേരിൽ മലമ്പുഴ പൊലീസെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് യുവാവിനെതിരെ കേസെടുത്തത്. മലമ്പുഴ ഡാമിനരികിലിരുന്ന് പുക വലിക്കുകയായിരുന്ന യുവാവ് പൊലീസിനെ കണ്ട് സിഗരറ്റ് ഡാമിലേക്ക് എറിഞ്ഞു. തുടർന്ന് യുവാവിന്റെ ശ്വാസത്തിൽ കഞ്ചാവിന്റെ മണം ഉണ്ടെന്ന പേരിൽ പൊലീസ് എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്തു. തുടർന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിലെത്തിയത്.
ശ്വാസത്തിന് കഞ്ചാവിന്റെ മണമുണ്ടെന്ന പേരിൽ കേസെടുക്കാനാകില്ല എന്നായിരുന്നു വാദം. എന്നാൽ, മറ്റ് തെളിവുകളുടെ അഭാവത്തിൽ, ശ്വാസത്തിന് കഞ്ചാവിന്റെ ഗന്ധം ഉണ്ടെന്നതിന്റെ പേരിൽ കേസ് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ശ്വാസത്തിലെ ലഹരിയുടെ മണം സംശയത്തിന് അടിസ്ഥാനമാകാം. പക്ഷേ, തെളിവായി കണക്കാക്കാനാകില്ല. മണം തിരിച്ചറിയുക എന്നത് അന്തിമമായ ഒന്നല്ല. ഇക്കാര്യത്തിലുള്ള കഴിവ് ഓരോരുത്തർക്കും ഭിന്നമാണെന്നും കോടതി പറഞ്ഞു. ഹർജിക്കാരനെതിരായ കേസ് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും വിലയിരുത്തി.
Source link