കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. വനിതാ കമ്മിഷനെ ഹർജിയിൽ സ്വമേധയാ കക്ഷി ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു. സർക്കാരിനോട് ഹൈക്കോടതി ചോദ്യങ്ങളും ഉന്നയിച്ചു. റിപ്പോർട്ടിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് കോടതി ചോദിച്ചു.
കേസ് എടുക്കണമെന്ന ഹർജിയിൽ സർക്കാരിന്റെ നിലപാട് എന്താണ്? കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതര പ്രശ്‌നങ്ങൾ അല്ലേ? മൊഴി തന്നവരുടെ പേരുകൾ സർക്കാരിന്റെ പക്കലുണ്ടോ? പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ റിപ്പോർട്ടിലുണ്ടോ എന്നീ ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. ഇക്കാര്യത്തിൽ എന്തുചെയ്യാൻ സാധിക്കുമെന്ന് വിശദമാക്കി സർക്കാർ സത്യവാങ്‌മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സർക്കാർ എടുക്കുന്ന നടപടികൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു. തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എങ്കിൽ മാത്രമേ നടപടി സ്വീകരിക്കാൻ സാധിക്കൂവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
തിരുവനന്തപുരം സ്വദേശിയും പൊതുപ്രവർത്തകനുമായ പായ്‌ച്ചിറ നവാസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ വാദം തുടരുകയാണ്.
റിപ്പോർട്ട് പുറത്തുവന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണ്. ലൈംഗിക കുറ്റകൃത്യങ്ങളാണ് പുറത്തുവരാത്ത റിപ്പോർട്ടിലുള്ളത്. ഇത് പൊതുസമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ സെൻസർ ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വനിതാകമ്മിഷൻ നിർദ്ദേശമനുസരിച്ച് പൊലീസിന് റിപ്പോർട്ട് കൈമാറിയെങ്കിലും സ്വകാര്യതയെ മാനിക്കേണ്ട വിഷയമായതിനാലാണ് പൊലീസ് നടപടിയും പ്രതിസന്ധിയിലായത്. കമ്മിറ്റിയെ നിയോഗിച്ചത് സിനിമാമേഖലയിലെ കുറ്റങ്ങൾ കണ്ടെത്തി ശിക്ഷിക്കാനല്ല. മറിച്ച് പ്രതിലോമപരമായ കാര്യങ്ങൾ അവിടെ നടക്കുന്നത് കണ്ടെത്തി അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാനാണ്. അതനുസരിച്ചുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ -ടോയ്ലറ്റുകൾ, സുരക്ഷിതമായ ഡ്രസ് ചേഞ്ചിംഗ് മുറികൾ എന്നിവ ഒരുക്കണമെന്നത് സംബന്ധിച്ച് സർക്കാരിന് മാത്രമായി തീരുമാനങ്ങൾ എടുക്കാനാവില്ല. ഇക്കാര്യങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
Source link