പരാതി നൽകിയിട്ടും നടപടിയില്ല, പഞ്ചായത്ത് ഓഫീസിന് മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് 55കാരി

പാലക്കാട്: പഞ്ചായത്ത് ഓഫീസിന് മുന്നിൽ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി 55കാരി. പാലക്കാട് അഗളി പഞ്ചായത്ത് ഓഫീസിലാണ് സംഭവം. നെല്ലിപ്പതി സ്വദേശിനി ഖദീജയാണ് പഞ്ചായത്ത് ഓഫീസിലെ പ്രധാന കവാടത്തിന് മുന്നിലിരുന്ന് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. വീടിന് മുകളിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങ് മുറിച്ച് മാറ്റാത്തതിനാലാണ് ഖദീജ പ്രതിഷേധവുമായെത്തിയത്.

തന്റെ വീടിന് മുകളിലേക്ക് അപകടാവസ്ഥയിൽ അയൽവാസിയുടെ തെങ്ങ് ചാഞ്ഞ് നിൽക്കുന്നുവെന്നാണ് ഖദീജ പറയുന്നത്. തെങ്ങ് മുറിച്ച് മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അയൽവാസിയായ വല്യാട്ടിൽ രൂപേഷ് തയ്യാറായില്ല. തുടർന്ന് ഖദീജ പരാതിയുമായി പഞ്ചായത്തിലെത്തി. പഞ്ചായത്തിൽ നിരന്തരം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. തുടർന്നാണ് ഖദീജ പഞ്ചായത്തിന് മുന്നിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്.

കൈക്കൂലി കൊടുക്കാത്തത് കൊണ്ടാണ് പഞ്ചായത്ത് നടപടി എടുക്കാത്തതെന്നാണ് ഇവരുടെ ആരോപണം. പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അഗളി പൊലീസെത്തിയാണ് ഖദീജയെ അനുനയിപ്പിച്ച് ആത്മഹത്യ ഭീഷണിയിൽ നിന്നും പിന്തിരിപ്പിച്ചത്. പരാതിയിൽ ഇടപെടാമെന്ന് പൊലീസ് പറഞ്ഞതോടെ ഖദീജ പ്രതിഷേധം അവസാനിപ്പിച്ചു. ഇവരുടെ അയൽക്കാരനായ രൂപേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.


Source link
Exit mobile version