ആലപ്പുഴ: കൊലപാതകശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതിക്കൊപ്പം ആഘോഷവും ഉല്ലാസയാത്രയും നടത്തിയ എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ എ.ആർ ക്യാമ്പിലെ എ.എസ്.ഐ ശ്രീനിവാസനെയാണ് ദക്ഷിണമേഖല ഐ.ജി സസ്പെൻഡ് ചെയ്തത്.
11വർഷം മുമ്പ് നടന്ന കൊലപാതകശ്രമക്കേസിൽ ശിക്ഷിക്കപ്പെടുകയും പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്ത ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും സംഘത്തിനുമൊപ്പമുള്ള എ.എസ്.ഐയുടെ ഉല്ലാസയാത്രയുടെ ചിത്രങ്ങൾ സഹിതം കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന ആഘോഷത്തിന്റെ വിവരങ്ങൾ ഉന്നത പൊലീസുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അന്വേഷണവും നടപടിയുമുണ്ടാകാതിരിക്കെയാണ് ഫോട്ടോയും വീഡിയോകളും വൈറലായത്. ആലപ്പുഴയിലെ ഒരു വീട്ടിലും ജില്ലയ്ക്കു പുറത്തെ സുഖവാസ കേന്ദ്രത്തിലും റൂമിനുള്ളിൽ പാട്ടും മേളവുമായി ഉണ്ണിക്കും സുഹൃത്തുക്കൾക്കുമൊപ്പം എ.എസ്.ഐ അടിച്ചുപൊളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രതിക്കൊപ്പമുള്ള വീഡിയോയും ഫോട്ടോകളും സഹപ്രവർത്തകരുടെ ഫോണുകളിലുമെത്തിയെങ്കിലും വളരെ പഴയതാണെന്നായിരുന്നു ഗ്രേഡ് എസ്.ഐയുടെ വെളിപ്പെടുത്തൽ. പ്രതിയാണെന്നറിഞ്ഞിട്ടും അവർക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നത് സേനയ്ക്ക് പേരുദോഷമുണ്ടാക്കിയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീനിവാസനെ ഐ.ജി സസ്പെൻഡ് ചെയ്തത്.
Source link