ലോസാനിൽ നീരജ് ത്രോ
ലോസാൻ (സ്വിറ്റ്സർലൻഡ്): പാരീസ് ഒളിന്പിക്സ് വെള്ളി മെഡൽ നേട്ടത്തിന്റെ രണ്ടാഴ്ചയ്ക്കുശേഷം ഇന്ത്യൻ ഇതിഹാസ അത്ലറ്റ് നീരജ് ചോപ്ര ഇന്നു മറ്റൊരു പോരാട്ടത്തിനു ഫീൽഡിൽ ഇറങ്ങും. ഇന്നു നടക്കുന്ന ലോസാൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര മത്സരിക്കും. അടുത്ത മാസം സീസണ് അവസാനത്തെ ഡയമണ്ട് ലീഗ് ട്രോഫി സ്വന്തമാക്കുകയാണ് നീരജിന്റെ ലക്ഷ്യം. 2024 പാരീസ് ഒളിന്പിക്സിൽ വെള്ളിയും 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണവും നീരജ് സ്വന്തമാക്കിയിരുന്നു. ഒളിന്പിക്സിൽ ഇന്ത്യക്കുവേണ്ടി അത്ലറ്റിക്സിലൂടെ മെഡൽ നേടിയ ആദ്യ താരമാണ് ഇരുപത്താറുകാരനായ നീരജ് ചോപ്ര. ഗ്രോയിംഗ് ഇഞ്ചുറിയോടെയാണ് ഈ സീസണിൽ നീരജ് മത്സരിക്കുന്നത്. സീസണ് അവസാനത്തോടെ ശസ്ത്രക്രിയയ്ക്കു വിധേയനായേക്കുമെന്നു സൂചനയുണ്ട്.
ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.22നാണ് നീരജ് മത്സരിക്കുന്ന പൂരുഷ ജാവലിൻത്രോ ലോസാനിൽ അരങ്ങേറുന്നത്. മത്സരത്തിൽ പാരീസ് ഒളിന്പിക്സിൽ റിക്കാർഡോടെ സ്വർണം നേടിയ പാക്കിസ്ഥാന്റെ അർഷാദ് നദീം പങ്കെടുക്കുന്നില്ല. വെങ്കല മെഡൽ ജേതാവായ ഗ്രനേഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സ് മത്സരിക്കും.
Source link