KERALAMLATEST NEWS

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു, അപകടം രാവിലെ ജോലിക്കുപോകുന്നതിനിടെ

പാലക്കാട്: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു. കടുന്തുരുത്തി സ്വദേശി തോട്ടത്തിൽ വീട്ടിൽ സംഗീത (35) യാണ് മരിച്ചത്. ഇന്നുരാവിലെ എട്ടരയോടെ യാക്കര ജംഗ്ഷനിലായിരുന്നു അപകടം. സംഗീത സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു.യാക്കര ജംഗ്ഷനിലെ സ്റ്റോപ്പിൽ നിറുത്തിയിരുന്ന സ്വകാര്യബസിനെ സ്കൂട്ടർ മറികടന്നുപോകവെ പെട്ടെന്ന് ബസ് മുന്നോട്ടെടുക്കുകയും സ്കൂട്ടറിൽ തട്ടുകയുമായിരുന്നു. ഇതിന്റെ ആഘാതത്തിൽ സ്കൂട്ടർ മറിയുകയും സംഗീത ബസിനടിയിലേക്ക് വീഴുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

കോട്ടമൈതാനിക്കടുത്തുള്ള ബേക്കറിയിലെ ജീവനക്കാരിയായിരുന്നു സംഗീത. രാവിലെ ജോലിക്കായി വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു അപകടം. ലോഡിംഗ് തൊഴിലാളിയായ രാമചന്ദ്രൻ ആണ് സംഗീതയുടെ ഭർത്താവ്. സരീഷ്മ, സരീഷ് എന്നിവരാണ് മക്കൾ.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വാഴക്കടവ് വാതക ശ്മശാനത്തിൽ. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.


Source link

Related Articles

Back to top button