സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ വ്യാജ ലോട്ടറി വില്പന; 60 ആപ്പുകൾ നീക്കാൻ ഗൂഗിളിന് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലെെനിൽ വ്യാജ ലോട്ടറി വില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് അയച്ച് പൊലീസ്. ഇത്തരം ഓൺലെെൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ഓൺലെെൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പൊലീസിന്റെ സെെബർ പട്രോളിങ്ങിൽ കണ്ടെത്തിയത്. ഒപ്പം തട്ടിപ്പുമായി ബന്ധപ്പെട്ട 25 വ്യാജ ഫേസ്ബുക്ക് പ്രൊഫെെലും 20 വെബ്സെെറ്റുകളും കണ്ടെത്തി. ഇത്തരം തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാന ലോട്ടറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ടിക്കറ്റ് വില്പന നടക്കുന്നതായി അടുത്തിടെയാണ് കണ്ടെത്തിയത്. 25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ വ്യാജനാണ് ഓൺലൈനിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തുന്നത്. കേരള ലോട്ടറി പേപ്പർ രൂപത്തിൽ മാത്രമേ പുറത്തിറക്കുന്നുള്ളൂ. ഓൺലൈൻ വില്പനയില്ല. എന്നിട്ടും ഉപഭോക്താക്കളെ കബളിപ്പിച്ചാണ് വ്യാജന്റെ വിളയാട്ടം. സംസ്ഥാനത്ത് ഓൺലൈൻ ചൂതാട്ടം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് യഥേഷ്ടം നടക്കുന്നു.
കേരള ലോട്ടറി, കേരള മെഗാ മില്യൺ ലോട്ടറി എന്നീ പേരുകളിൽ ആപ്പ് തയ്യാറാക്കിയാണ് തട്ടിപ്പ്. പത്തുലക്ഷത്തിലധികം പേർ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്തു എന്നാണ് വിവരം. ഇഷ്ടമുള്ള നമ്പർ നൽകിയാൽ അതനുസരിച്ച് ടിക്കറ്റ് നൽകിയാണ് തട്ടിപ്പ്. 25 ടിക്കറ്റുവരെ ഒറ്റക്ലിക്കിൽ എടുക്കാമെന്ന വാഗ്ദാനവുമുണ്ട്.
ഓണം ബമ്പറിന്റെ വിലയായ അഞ്ഞൂറു രൂപയാണ് ഒരു ടിക്കറ്റിന് ഓൺലൈൻ വ്യാജനും ഈടാക്കുന്നത്. ഓൺലൈൻ ലോട്ടറി അടിച്ചാൽ നികുതിപിടിക്കാതെ മുഴുവൻ പണവും നേരിട്ട് അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം. സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാർ ചിഹ്നവും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും ദുരുപയോഗം ചെയ്ത് ലോട്ടറി തട്ടിപ്പു നടത്തുന്നതായി കേരളകൗമുദി ഏപ്രിൽ ഒന്നിന് റിപ്പോർട്ട് ചെയ്തിരുന്നു.
Source link