തസ്‌മിൻ നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങി; സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ തിരിച്ചറിഞ്ഞ് പൊലീസ്

തിരുവനന്തപുരം: കഴക്കുട്ടത്തുനിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരി തസ്‌മിൻ ബീഗത്തിനായുള്ള തെരച്ചിൽ തുടരുന്നതിനിടെ നിർണായക വിവരം പങ്കുവച്ച് പൊലീസ്. യാത്ര ചെയ്യുന്നതിനിടെ കുട്ടി ട്രെയിനിൽ നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങിയതായാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഇന്നലെ വെെകിട്ട് 3.03ന് കുട്ടി നാഗർകോവിലിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയതായും കുപ്പിയിൽ വെള്ളം എടുത്തശേഷം അതേ വണ്ടിയിൽ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തിൽ അവിടെത്തെ റെയിൽവേ സ്റ്റേഷനും ബീച്ചിലും മറ്റിടങ്ങളിലുമെല്ലാം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല. തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കന്യാകുമാരിയിൽ നിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിൻ കയറി യാത്ര തിരിച്ചോ എന്ന സംശയത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് പൊലീസും ആർപിഎഫും തെരച്ചിൽ തുടരുകയാണ്. കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാൻ സാദ്ധ്യതയുണ്ട്. ഇത് പരിഗണിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ബസുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന അൻവർ ഹുസൈന്റെ മൂത്തമകൾ തസ്‌മിൻ ബീഗത്തെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു.
കുട്ടി ചെന്നെെയിലേക്ക് പോയതായും സംശയമുണ്ട്. കന്യാകുമാരിയിൽ നിന്ന് തിരുനെൽവേലി റൂട്ടിൽ ചെന്നെെയിലേക്ക് കുട്ടി പോയിരിക്കാമെന്നാണ് ഇപ്പോഴാത്തെ നിഗമനം. ചെന്നെെയിൽ എത്തുന്നതിന് മുൻപ് കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.
Source link