ചെമ്പ്രയിൽ മൂന്നിടത്ത് വൻതോതിൽ മണ്ണിടിച്ചിൽ, ജാഗ്രത നിർദ്ദേശം
ചെമ്പ്ര സുജാത എസ്റ്റേറ്റിലുണ്ടായ മണ്ണിടിച്ചിൽ
മേപ്പാടി: ചെമ്പ്ര മലയടിവാരത്ത് മൂന്ന് സ്ഥലങ്ങളിൽ ശക്തമായ മണ്ണിടിച്ചിലും റോഡിൽ വിള്ളലും വീണു. താഴ്വാര പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എരുമക്കൊല്ലി 22 ഭാഗത്തെ 250 കുടുംബങ്ങളെ കോട്ടനാട് ഗവ.യു.പി സ്‌കൂളിലേക്കും മാറ്റി. മഴ തുടരുകയാണ്. ചെമ്പ്ര സ്‌കൂൾ ജംഗ്ഷന് സമീപം 100 മീറ്റർ മാറി സുജാത എസ്റ്റേറ്റ് ഭാഗത്തെ ആദ്യ മണ്ണിടിച്ചിലിന് ശേഷം അൽപസമയത്തിനകം 200 മീറ്റർ മാറി വീണ്ടും ശക്തമായി മണ്ണിടിഞ്ഞു.ചെമ്പ്ര റോഡിന് സമീപം ഇടിഞ്ഞ് താഴ്ന്നു. ചെറിയതോതിൽ നീരൊഴുക്കുള്ള പ്രദേശമായ വാകക്കാട് ഭാഗത്തും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി.മൂന്ന് സ്ഥലങ്ങളും ദുരന്തനിവാരണ അതോറിറ്റിയും മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ദ്ധസമിതിയും പരിശോധന നടത്തി. എരുമക്കൊല്ലി -ചെമ്പ്ര റോഡിൽ മൂന്നിടങ്ങളിൽ വിള്ളലുണ്ടായി. 2017ൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തോട് ചേർന്നാണ് ഇപ്പോൾ മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലിനെ തുടർന്ന് കുന്നമ്പറ്റയിൽ തോട്ടിൽ വെള്ളം ഉയർന്നതോടെ സിത്താറാംവയൽ ഭാഗത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അതിതീവ്രമഴ പെയ്യുകയാണെങ്കിൽ ജാഗ്രത പാലിക്കണമെന്നും കുന്നമ്പറ്റ, എരുമക്കൊല്ലി ,കുന്നമംഗലംവയൽ പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി.
Source link