'ആ നടി പറഞ്ഞത് പറഞ്ഞു, സ്വകാര്യത മാനിച്ചു മാത്രമെ വിവരങ്ങൾ പുറത്തു വിടാൻ കഴിയൂ'; പ്രതികരിച്ച് രേവതി
‘ആ നടി പറഞ്ഞത് പറഞ്ഞു, സ്വകാര്യത മാനിച്ചു മാത്രമെ വിവരങ്ങൾ പുറത്തു വിടാൻ കഴിയൂ’; പ്രതികരിച്ച് രേവതി
‘ആ നടി പറഞ്ഞത് പറഞ്ഞു, സ്വകാര്യത മാനിച്ചു മാത്രമെ വിവരങ്ങൾ പുറത്തു വിടാൻ കഴിയൂ’; പ്രതികരിച്ച് രേവതി
മനോരമ ലേഖിക
Published: August 21 , 2024 11:08 AM IST
1 minute Read
വ്യക്തികളുടെ സ്വകാര്യത മാനിച്ചു മാത്രമെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടാൻ കഴിയൂ എന്ന് ഡബ്ല്യൂ.സി.സി അംഗവും നടിയുമായ രേവതി. റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്ന് പറയില്ല. ആളുകളെ പ്രതിരോധത്തിൽ ആക്കാൻ വേണ്ടി അല്ല ഈ റിപ്പോർട്ട്. ഡബ്ല്യൂ.സി.സിയുടെ ഒരു സ്ഥാപക അംഗം സിനിമാമേഖലയിൽ ഒരു പ്രശ്നങ്ങളുമില്ല എന്ന് മൊഴി കൊടുത്തെന്ന് റിപ്പോർട്ടിൽ ഉണ്ടെങ്കിലും അത് ആരെന്നു പറയാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് രേവതി പ്രതികരിച്ചു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു രേവതി.
“റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണം എന്ന് ഞങ്ങൾ പറയില്ല. കാരണം കമ്മറ്റിക്ക് മുന്നിൽ ഒരുപാടു പേർ വന്ന് അവരുടെ അനുഭവങ്ങൾ മനസു തുറന്നു സംസാരിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും അതിൽ ഉണ്ട്. അവരുടെ സ്വകാര്യത മാനിച്ചു കൊണ്ട് മാത്രമേ വിവരങ്ങൾ പുറത്തുവിടാൻ കഴിയൂ. ആൾക്കാരെ പ്രതിരോധത്തിൽ ആക്കാൻ വേണ്ടി അല്ല ഈ റിപ്പോർട്ട്. ഈ റിപ്പോർട്ട് ഒരു പഠനം ആണ്. എന്തൊക്കെയാണ് കുഴപ്പങ്ങൾ എന്ന് കണ്ടെത്താനുള്ള ഒരു പഠനം. ഇനി ഈ റിപ്പോർട്ടിൻ പ്രകാരം ആയിരിക്കും ഭാവിയിലുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത്,” രേവതി പറഞ്ഞു.
“കമ്മിഷന് മുന്നിൽ പരാതി പറഞ്ഞ വ്യക്തികൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകണമെങ്കിൽ അത് ഓരോരുത്തരുടെയും തീരുമാനമാണ്. ഈ കമ്മിഷനെ നിയോഗിച്ചത് സിനിമാരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ വേണ്ടിയായിരുന്നു. അവർ അത് വൃത്തിയായി ചെയ്തിട്ടുണ്ട്. ഇനി കൂടുതൽ കാര്യങ്ങൾ ഇരുന്നു സംസാരിച്ചു തീരുമാനിക്കേണ്ടി വരും. ഇങ്ങനെയുള്ള കാര്യങ്ങൾ ഇനി സിനിമാമേഖലയിൽ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കാൻ വേണ്ടി കൂട്ടായ ചർച്ചകൾ നടത്തി തീരുമാനം എടുക്കേണ്ടതാണ്,” രേവതി പറയുന്നു.
അതേസമയം, ഡബ്ല്യൂ.സി.സിയുടെ ഒരു സ്ഥാപക അംഗം സിനിമാമേഖലയിൽ ഒരു പ്രശ്നങ്ങളുമില്ലെന്ന് മൊഴി കൊടുത്തതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ രേവതി തയാറായില്ല. “ഡബ്ല്യൂ.സി.സിയുടെ ഒരു സ്ഥാപക അംഗം റിപ്പോർട്ട് പുറത്തു വിടരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്താണെന്ന് എനിക്ക് അറിയില്ല. അതിനെക്കുറിച്ച് എനിക്ക് പറയാൻ ബുദ്ധിമുട്ടുണ്ട്. അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അവർ പറഞ്ഞത് പറഞ്ഞു. ഇനി അതിനെപ്പറ്റി ചർച്ചകളുടെ ആവശ്യമില്ല,” രേവതി പറഞ്ഞു.
“ഞങ്ങൾ ഹേമകമ്മറ്റി റിപ്പോർട്ട് വായിച്ചു പഠിച്ചതിനു ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താം എന്നാണ് കരുതുന്നത്. ഡബ്ല്യൂ.സി.സിക്ക് ഈ റിപ്പോർട്ട് പുറത്തു വരണം എന്നു തന്നെ ആയിരുന്നു ആഗ്രഹം. കാരണം എന്താണ് പ്രശ്നങ്ങൾ എന്ന് നമുക്ക് അറിയണം. എന്നാൽ മാത്രമല്ലെ അതിനു പ്രതിവിധി കണ്ടെത്താൻ കഴിയുകയുള്ളൂ,” രേവതി വ്യക്തമാക്കി.
English Summary:
WCC member and actress Revathi said that the Hema Committee report should be released but the entire matter should not be released out of respect for the privacy of individuals.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-news-common-hema-commission-report f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-revathy 3itt2l8h0dfl8lkp1htllc27qp
Source link