തിരുവനന്തപുരം; സ്നേഹാധിഷ്ടമായ ഉള്ളടക്കവും അസാമാന്യമായ മാനുഷിക സത്തയുമാണ് ശ്രീനാരായണ ദർശനങ്ങളുടെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഗുരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒന്നാണെന്ന ഗുരുദർശത്തിന്റെ നേർക്കാഴ്ചയാണ് വയനാട് രക്ഷാപ്രവർത്തനത്തിലും പുനർനിർമ്മാണത്തിലും കാണുന്നത്. ദുരന്തമുഖങ്ങളിൽ കേരളം ഇന്ന് കാണിക്കുന്ന ഈ ഐക്യത്തിലേക്കുള്ള പരിവർത്തനത്തിന് പിന്നിൽ നരനും നരനും ഒന്നാണെന്ന ഗുരു സന്ദേശത്തിന്റെ സ്വാധീനമുണ്ട്.അനുകമ്പാദർശനം എന്ന കൃതിയിൽ സഹജീവി സ്നേഹം എങ്ങനെയാവണമെന്ന സന്ദേശമുണ്ട്.
ലോകത്തിൽ ഏറ്റവും ചോര ഒഴുകുന്നത് മതസ്പർദ്ധയുടെ പേരിലാണ്. ഇവിടെ ‘പലമതസാരവുമേകം’ എന്ന വാക്യം പ്രസക്തമാണ്. എല്ലാ മതത്തിന്റെയും സാരം ഒന്നാണെന്നറിഞ്ഞാൽ മതത്തിന്റെ പേരിലുള്ള രക്തമൊഴുക്ക് ഇല്ലാതാകും. എന്നാൽ മാനവ സ്നേഹത്തിന്റെ ഈ കാഴ്ചപ്പാട് നൽകിയ ഗുരുവിനെ ഹിന്ദുസന്യാസിയായി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഹിന്ദുമത നവീകരണമല്ല, ജാതി നശീകരമാണ് ഗുരുമുന്നോട്ടുവച്ച ആശയം. മഹാത്മാഗാന്ധിയെപ്പോലും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കുന്നു. ഗോഡ്‌സെ എന്ന ഭ്രാന്തനെ മഹത്വവത്കരിക്കാനുള്ള ശ്രമം നടക്കുന്നു. ഭരണഘടനയ്‌ക്ക് നേരെയുള്ള വെല്ലുവിളി നേരിടാൻ വഴിവിളക്കായി തെളിയുന്നത് ഗുരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളിസുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി.
ജയന്തി ആഘോഷ ഫണ്ടിൽ നിന്നുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകി . സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ ശശി തരൂർ, ഷാഫി പറമ്പിൽ ,കെ.വരദരാജൻ,ഗോകുലം ഗോപാലൻ,ജി.മോഹൻദാസ് ,ചെമ്പഴന്തി ഉദയൻ ,അനീഷ് ചെമ്പഴന്തി എന്നിവർ പങ്കെടുത്തു.
സർക്കാരിന് വഴികാട്ടി
ഗുരുദർശനം:മുഖ്യമന്ത്രി
ഗുരുദർശനത്തെ മുൻനിർത്തി ഭേദചിന്തയില്ലാത്ത നാട് കെട്ടിപ്പടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിനെ ശിവഗിരി മഠം പിന്തുണയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന ഏതു സർക്കാർ നടപടിക്ക് പിന്നിലും ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന്റെസ്വാധീനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു .ലൈഫ് ഭവനപദ്ധതി, ആർദ്രം എന്നിവയിലെല്ലാം ഗുരു സന്ദേശമുണ്ട്. സ്ത്രീ മുന്നേറ്റവും വനിതാ ശാക്തീകരണവും ആദ്യം തുടങ്ങിവച്ചതും ശ്രീനാരായണഗുരുവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Source link