കേരള ക്രിക്കറ്റ് ലീഗ്: ഒരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്സ്
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഐപിഎല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയെ ടീം ക്യാപ്റ്റനായും രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സംവിധായകന് ബ്ലസി, ടീം ഉടമയും സിംഗിൾ ഐഡി കോ ഫൗണ്ടറുമായ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണു പ്രഖ്യാപനം നടത്തിയത്. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളിൽ കളിച്ച ബേസില്‍ തമ്പി തന്നെയാണ് ടീമിന്റെ ഐക്കണ്‍ സ്റ്റാർ. കേരളത്തിനായി രഞ്ജി കളിച്ചിട്ടുള്ള ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്സ്മാനായ സെബാസ്റ്റ്യന്‍ ആന്റണി 12 വര്‍ഷക്കാലം വിവിധ ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചടങ്ങില്‍ ടീമിന്റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി. അക്രമശാലിയായ കടുവയും അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിയുടെ പ്രതീകമായ നീല നിറവും ഉള്‍പ്പെടുത്തിയാണ് ടീമിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യുകെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വര്‍ഷം മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഇന്റര്‍നാഷണല്‍ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
Source link