ഗുരുദർശനത്തിന്റെ കേന്ദ്രഭാവം മാനവികത: വി.ഡി. സതീശൻ

ശ്രീകാര്യം: ഭരണകൂടങ്ങളുടെ ഒത്താശയോടെ പൗരോഹത്യ വിഭാഗങ്ങൾ കാലാകാലങ്ങളായി അനുവർത്തിച്ചുപാേന്ന വ്യവസ്ഥിതികളെ ശ്രീനാരായണ ഗുരു സൗമ്യഭാവത്തിൽ ചോദ്യം ചെയ്തത് ഗുരുദർശനത്തിന്റെ ആദർശനിഷ്ഠമായ മാനവികതയെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ 170 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദർശനത്തിന്റെ ഏറ്റവും വലിയ കേന്ദ്രഭാവം മാനവികതയാണ്. മനുഷ്യനന്മയ്ക്കായി ഗുരു നടത്തിയ തീഷ്ണമായ പരിശ്രമത്തിന്റെ ഫലമാണ് അദ്വൈത ദർശനം ഒരു പ്രായോഗിക തലത്തിലേക്ക് രൂപപ്പെട്ടത്. ദർശനം ഒന്നേയുള്ളു. അത് അദ്വൈത ദർശനമാണ്. അതിനെ മനുഷ്യ നന്മയ്ക്കായി പ്രായോഗിക തലത്തിലേക്ക് അഥവാ സാധാരണക്കാരന്റെ ജീവിതവുമായി കൂട്ടിയോജിപ്പിച്ച മാറ്റമാണ് ഗുരു നടത്തിയത്.
മതമേതായാലും മനുഷ്യനാണ് നന്നാവേണ്ടതെന്ന് ഗുരു പറയുമ്പോഴും സംഘടിത മതങ്ങൾക്ക് നേരെയുള്ള ശക്തമായ താക്കീതാണ് ഗുരുവിന്റെ വാക്കുകളുടെ വ്യാഖ്യാനം. സൗമ്യമായ ഭാഷയിലാണ് ഗുരു ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്തത്. എന്നാൽ ആ വാക്കുകൾക്ക് കൊടുങ്കാറ്റിന്റെ ശക്തിയുണ്ടായിരുന്നു.
ഒരു സാമൂഹ്യ വ്യവസ്ഥിതി ഉണ്ടാക്കിവച്ച ദുരന്തത്തിന്റെ ഇരകളായി മാറുന്ന ഒരു ജനസമൂഹത്തെ കണ്ടാണ് മാറ്റങ്ങൾക്ക് ഗുരു തുടക്കമിട്ടത്. പഴമയുടെ ആലസ്യത്തിൽ നിന്നും മനുഷ്യനെ നവീകരിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ.
ശങ്കരാചാര്യർ പറഞ്ഞതും പറയാത്തതും അന്നത്തെ പൗരോഹത്യർ പലപ്പോഴായി കൂട്ടിച്ചേർത്തതായി ഒരു മറുവാദമുണ്ട്. എന്നാൽ അദ്വൈതം എന്താണെന്ന് ശരിയായി മനസിലാക്കിയ ആളാണ് ശങ്കരാചാര്യരെങ്കിൽ, ശ്രീനാരായണ ഗുരു വിശേഷിപ്പിച്ച, പുഴുക്കുത്തായി മാറുന്ന സവർണ വ്യവസ്ഥയെ ശങ്കരാചാര്യർ ഒരിക്കലും ന്യായികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്വൈതത്തെക്കുറിച്ച് ഒട്ടനവധി മറുവാദങ്ങൾ നിലനിൽക്കുന്ന അവസരത്തിൽ അതിനെ പാണ്ഡിത്യം കൊണ്ട് വീരോചിതമായി തോല്പിച്ച് മറ്റൊരിടത്തും ചലഞ്ച് ചെയ്യാൻ പറ്റാത്ത ദർശനമായി ലോകത്ത് അവതരിപ്പിച്ചു എന്നതാണ് ശങ്കരാചാര്യ സ്വാമികളുടെ സംഭാവനയെന്നും അദ്വൈതത്തിന്റെ അംശം ശങ്കരനെ പിൻതുടരുന്നു എന്നും ഗുരു ഒരിക്കൽ പറഞ്ഞിരുന്നതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ചാതുർവർണ്യത്തെ ന്യായീകരിക്കുന്നതിന് വേണ്ടി ശങ്കരൻ ബുദ്ധികൊണ്ട് പറഞ്ഞിട്ടുണ്ടെന്നും ഗുരു പല സന്ദർഭങ്ങളിലും പറഞ്ഞിരുന്നു. എന്നാൽ ശ്രീനാരായണ ഗുരുദേവൻ സ്വീകരിച്ചത് ശുദ്ധമായ അദ്വൈത സിദ്ധാന്തത്തെയാണെന്നും സ്വാമി പറഞ്ഞു.
യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, എ.എ.റഹിം എം.പി, പി.എസ്. പ്രശാന്ത്, എസ്. സുഹാസ്, സ്വാമി അഭയാനന്ദ, ഡി.പ്രേംരാജ്, ഡോ.ഡി.രാജു, എസ്.ജ്യോതിസ് ചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, അണിയൂർ എം.പ്രസന്നകുമാർ, കുണ്ടൂർ എസ്.സനൽ തുടങ്ങിയവർ സംസാരിച്ചു. വിശിഷ്ട സേവനത്തിന് ഡോ.ശ്യാം റോയ്, ഡോ.വി.ഗിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Source link