പാർട്ടി ഫണ്ട് തിരിമറി; പി കെ ശശിക്കെതിരെ അച്ചടക്ക നടപടി, പ്രധാന സ്ഥാനങ്ങളിൽ നിന്ന് നീക്കി

പാലക്കാട് : പാർട്ടി ഫണ്ട് തിരിമറി കേസിൽ മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ. ശശിക്കെതിരെ നടപടിയെടുത്ത് സി.പി.എം. പി.കെ.ശശിയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയും പിരിച്ചുവിട്ടു, ഇന്ന് എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.
മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. പി.കെ,ശശി അദ്ധ്യക്ഷനായ യൂണിവേഴ്‌സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പി.കെ. ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.
പത്തനംതിട്ടയിലും സി.പി.എം നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു, തിരുവല്ല ഏരിയാ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയും തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെതിരെയുമാണ് പാർട്ടി നടപടിയെടുത്തത്. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ കൊച്ചുമോൻ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഒരാഴ്ച മുൻപാണ് തിരുവല്ലയിൽ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയത്.
Source link