“ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്”; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ

മലയാള സിനിമയിലെ നടിമാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ഞെട്ടിക്കുന്ന നിരവധി കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടിയും ഡബ്ല്യൂസിസി അംഗവുമായ റിമ കല്ലിങ്കൽ.

‘235 പേജുള്ള റിപ്പോർട്ടാണ്. വായിക്കും, പ്രതികരിക്കും. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ഞങ്ങൾക്ക് നോക്കണം.ഞങ്ങളും വായിച്ചിട്ടില്ല. ഞങ്ങൾക്കും ഇപ്പോഴാണ് കിട്ടുന്നത്. ഞങ്ങളും നാല് കൊല്ലമായി ചോദിക്കുന്നതാണ്. കൃത്യമായി വായിച്ച്, എന്തായാലും ഞങ്ങൾ പ്രതികരിക്കും. റിപ്പോർട്ട് വന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ, ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ്. ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്. ഒരുപാടൊരുപാട് സന്തോഷമുണ്ട്.’_ റിമ കല്ലിങ്കൽ പറഞ്ഞു.

റിമയ്ക്ക് കരിയറിൽ അത്തരത്തിലുള്ള എന്തെങ്കിലും അനുഭവമുണ്ടോയെന്ന ചോദ്യത്തിന് ‘ച്ചേ, ച്ചേ ഇല്ല. പുറത്തുവിടാൻ എന്താണ് ഇത്ര ലേറ്റായത് എന്നറിയില്ല. ഞങ്ങളും ചോദിക്കുന്നുണ്ട്.’ എന്നായിരുന്നു നടിയുടെ മറുപടി.

അതിക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നുവെന്ന് അടക്കമുള്ള ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നടിമാരുടെ വിവരങ്ങൾ കേട്ട് തങ്ങൾക്ക് പോലും വിശ്വസിക്കാൻ സാധിച്ചില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കമ്മീഷൻ അംഗങ്ങൾ പറയുന്നത്. പിന്നീട് ഓരോ മൊഴികളും പരിശോധിച്ചപ്പോൾ മലയാള സിനിമയിൽ ഇത്രത്തോളം മോശം പ്രവണത ഉണ്ടെന്ന് മനസിലായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.


Source link

Exit mobile version