KERALAMLATEST NEWS

‘പരാതി പറഞ്ഞെങ്കിൽ ഇടപെടുമായിരുന്നു’; സിനിമയിൽ വലിയ അവസരമില്ലാത്തത് അതുകൊണ്ടെന്ന് ഗണേഷ് കുമാർ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് നല്ല കാര്യമാണെന്നും എന്നാൽ ഗതാഗത മന്ത്രിയായ താൻ അക്കാര്യത്തിൽ സംസാരിച്ച് വിവാദത്തിന് വഴിതെളിക്കുന്നില്ലെന്നും മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ. റിപ്പോർട്ടിൽ സാംസ്‌കാരിക മന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹം നടപടിയെടുക്കുമെന്ന് ഉറപ്പുണ്ടെന്നും ഗണേഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘നടിമാർക്കുള്ള ശുചിമുറി സൗകര്യം, മുതിർന്ന നടിമാർക്ക് കാരവാൻ നൽകുന്നില്ല എന്നതിലൊക്കെ നേരത്തെ തന്നെ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പഠനത്തിലെ ചില കാര്യങ്ങൾ മാത്രം ഹൈലൈറ്റ്ചെയ്ത് ചാടേണ്ട. നടപ്പിലാക്കേണ്ട കാര്യങ്ങൾ നടപ്പിലാക്കണം. പൊതുവിൽ സർക്കാർ എടുക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കണം.

എന്നോടാരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാൻ അപ്പോൾതന്നെ പ്രതികരിക്കുകയും ചെയ്യും. എന്നാൽ ആരും പരാതി പറഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇടപെടുകയും ബന്ധപ്പെട്ടവരെ ഫോണിൽ വിളിക്കുകയും ചെയ്യുമായിരുന്നു. ശക്തമായ രീതിയിൽ സംസാരിക്കുകയും ചെയ്യും. അതിൽ ഇന്നുവരെ ഒരു വിട്ടുവീഴ്‌ചയും വരുത്തിയിട്ടില്ല. അത് എല്ലാവർക്കും അറിയാം. പറഞ്ഞിട്ടുണ്ടെങ്കിൽ ആക്ഷൻ എടുക്കുകയും ചെയ്യും, അതുകൊണ്ടൊക്കെയാണ് സിനിമയിൽ വലിയ അവസരം ഇല്ലാത്തത്’- ഗണേഷ് കുമാർ പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സാംസ്‌കാരിക വകുപ്പ് വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് റിപ്പോർട്ട് വെളിച്ചംകണ്ടത്. മലയാള സിനിമ ഭരിക്കുന്നത് ക്രിമിനൽ മാഫിയയാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെവരെ ചൂഷണം ചെയ്യുന്നുവെന്നും റിപ്പോ‌ർട്ടിൽ പറയുന്നുണ്ട്.


Source link

Related Articles

Back to top button