മലപ്പുറം: തുപ്പലിറക്കി ദാഹം തീർക്കുന്ന സർക്കാർ അല്ല ഇതെന്ന് പി വി അൻവർ എം എൽ എ. പെറ്റിക്കേസിനായി പൊലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ.
പരിപാടിക്ക് എസ് പി ശശിധരൻ എത്താൻ വൈകിയതിനെ എം എൽ എ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ‘ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്താൻ എസ് പി വൈകി. എസ് പിയെ ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം തിരക്കുള്ള വ്യക്തിയാണ്. വൈകാൻ അതാണ് കാരണമെങ്കിൽ ഓക്കെ. അല്ലാതെ എം എൽ എ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെയെന്ന് വിചാരിച്ചാണെങ്കിൽ എസ് പി ആലോചിക്കണം. ഇങ്ങനെ പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. എന്നാൽ പറയാതെ നിവൃത്തിയില്ല. പൊലീസ് മാറ്റത്തിന് തയ്യാറായില്ലെങ്കിൽ ജനങ്ങൾ ഇടപെടും.’- എം എൽ എ പറഞ്ഞു.
ചില പൊലീസുകാർ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അവർ അതിൽ റിസർച്ച് നടത്തുകയാണ്. സർക്കാരിനെ മോശമാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എം എൽ എ ആരോപിച്ചു.
തന്റെ പാർക്കിലെ ഉപകരണങ്ങൾ കാണാതെ പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ലെന്ന് എം എൽ എ വിമർശിച്ചു. എട്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. ഒരാളെ വിളിച്ചുവരുത്തി ചായ കൊടുത്തുവിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ മുഖ്യപ്രഭാഷകനായിട്ടായിരുന്നു എസ് പി എത്തിയത്. എന്നാൽ എം എൽ എയുടെ വിമർശനത്തിന് പിന്നാലെ താൻ അൽപം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയിലല്ലെന്നും പറഞ്ഞ് വേദി വിട്ടു.
Source link