കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ നവോത്ഥാനവാരം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരു ജയന്തി മുതൽ ഓഗസ്റ്റ് 28 അയ്യൻ‌കാളി ജയന്തി വരെ നടക്കുന്ന നവോത്ഥാനവാരത്തിന് തുടക്കമായി. ‘നമുക്ക് ജാതിയില്ല’ വിളംബര ശതാബ്‌ദി സ്മാരക ശ്രീനാരായണഗുരു പ്രതിമയിൽ ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എം എൽ എയ്ക്കും കടകംപള്ളി സുരേന്ദ്രൻ എം എൽ എയ്ക്കുമൊപ്പം ബാലഭവൻ വിദ്യാർഥികൾ പുഷ്‌പാർച്ചന നടത്തി.

തുടർന്ന് ‘നവോത്ഥാന കേരളം’ എന്ന വിഷയത്തിൽ കുട്ടികൾക്കായുള്ള പ്രസംഗ മത്സരം നടന്നു. ബാലഭവൻ പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് വി കെ നിർമല കുമാരി, എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ , ബാലഭവൻ ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

നവോത്ഥാനവാരത്തിന്റെ ഭാഗമായി ഓഗസ്റ്റ് 25ന് രാവിലെ 9.30 മുതൽ കുട്ടികൾക്കായി ചിത്രകല, സാഹിത്യ രചനാമത്സരങ്ങളും വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്ന് പ്രവേശനകവാടത്തിന് മുന്നിൽ ‘നവോദയം’ ഡോക്യുഡ്രാമയും അരങ്ങേറും. ഓഗസ്റ്റ് 28 അയ്യൻ‌കാളി ദിനത്തിൽ വെള്ളയമ്പലം അയ്യൻ‌കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം 4.30 മുതൽ ബാലഭവൻ ഓഡിറ്റോറിയത്തിൽ നവോത്ഥാന സദസ്സ് നടക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.


Source link

Exit mobile version