KERALAMLATEST NEWS

‘വിവാഹേതര ബന്ധങ്ങളെ കുറ്റം പറയാനാകില്ല’; ഇഷ്ടപ്രകാരം പോയിട്ട് ബലാത്സംഗമെന്ന് പറയരുതെന്ന് നടി

വിവാഹേതര ബന്ധങ്ങളെ കുറ്റം പറയാനാകില്ലെന്ന് നടി ഷീലു എബ്രഹാം. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അത് ശരിയാണ്. എന്തുകൊണ്ടാണ് അങ്ങനെ കാണാത്തത്. സാഹചര്യങ്ങളാണ് ഒരാളെ അത്തരം ബന്ധങ്ങളിലേയ്ക്ക് എത്തിക്കുന്നതെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

‘വിവാഹജീവിതത്തിലെ പാളിച്ചകൾ കാരണമാകാം വിവാഹേതര ബന്ധങ്ങളിലേയ്ക്ക് പോകുന്നത്. അല്ലെങ്കിൽ സങ്കൽപ്പത്തിലെ ആളല്ലായിരിക്കാം. അതിനെ കുറ്റം പറയാനാകില്ല. അതെല്ലാം വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ബലാത്സംഗം തെറ്റാണ്. എന്നാൽ ഇഷ്ടത്തോടെ പോകുന്നതിൽ തെറ്റില്ല. പത്തുനൂറ് തവണ പോയിക്കഴിഞ്ഞ് എന്നെ ബലാത്സംഗം ചെയ്തെന്ന് പറയുന്നത് ശരിയല്ല. ചലച്ചിത്ര മേഖലയിലെ സ്ത്രീപുരുഷ ബന്ധങ്ങൾ ജനങ്ങൾ നേരിട്ട് അറിയുന്നതല്ല, അറിയിക്കുന്നതാണ്. വർഷങ്ങളോളം പരസ്‌പരം അറിയാവുന്നവർ പകപോക്കാൻ കേസുമായി എത്തും’- ഷീലു പറഞ്ഞു.

സംവിധായകൻ ഒമർ ലുലുവുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിനെക്കുറിച്ചും നടി സംസാരിച്ചു. ഒമർ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്‌സ് എന്ന ചിത്രം നിർമിച്ചത് ഷീലുവാണ്. ചിത്രം ഓണം റിലീസിനെത്തുമെന്നാണ് വിവരം. ‘ഒമർ ലുലുവുമായി ബന്ധപ്പെട്ട കേസിന് വളരെ മുൻപാണ് സിനിമ ആരംഭിച്ചത്. ഷൂട്ട് തുടങ്ങി ദിവസങ്ങളോളം കഴിഞ്ഞാണ് കേസ് വരുന്നത്. കോടതി നടപടികൾ നടക്കുന്നതിനിടയിലും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ട്. കേസ് സിനിമയെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.

എന്നാൽ ഇത്തരത്തിലെ കാര്യങ്ങൾ സിനിമാ മേഖലയിൽ സാധാരണമാണ്. ഒമർ ലുലു നല്ലയാളാണോ അല്ലയോ എന്നൊന്നും പറയാനാകില്ല. സ്ത്രീകളും പുരുഷന്മാരുമായുള്ള ബന്ധങ്ങൾ ഇന്ന് സാധാരണമാണ്. ഇഷ്ടത്തിലിരുന്നവർ തമ്മിൽ അഭിപ്രായവ്യത്യാസം വരുമ്പോഴുള്ള പകപോക്കലാണ് ഇത്തരം കേസുകൾ. സ്ത്രീകൾ ശ്രദ്ധിക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്’-നടി വ്യക്തമാക്കി.


Source link

Related Articles

Back to top button