തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സിനിമ രംഗത്ത് പുറമെയുള്ള തിളക്കം മാത്രമാണുള്ളതെന്നും അവസരം ലഭിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നെന്ന മൊഴികളും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. മലയാള സിനിമയിൽ ആൺ മേൽക്കൊയ്മ നിലനിൽക്കുന്നുണ്ടെന്നും നടന്മാർ വാതിലിൽ മുട്ടുന്ന സാഹചര്യങ്ങൾ വരെയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആലിംഗന സീൻ ചിത്രീകരിക്കാൻ 17 റീട്ടേക്കുകൾ വരെയെടുത്തെന്നും സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സിനിമ മേഖലയിലുള്ള കാസ്റ്റിംഗ് കൗച്ച് യഥാർത്ഥ്യമാണെന്നും ഒറ്റയ്ക്ക് ഹോട്ടൽ മുറിയിൽ കഴിയാൻ നടിമാർക്ക് ഭയമാണെന്ന മൊഴിയും റിപ്പോർട്ടിലുണ്ട്. മിക്ക നടിമാരും മാതാപിതാക്കൾക്കൊപ്പമാണ് ഹോട്ടൽ മുറിയിൽ കഴിയുക. പല നടിമാരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി, പോഷ് നിയമ പ്രകാരം കേസെടുക്കേണ്ട സാഹചര്യം വരെയുണ്ടായി. സിനിമയിൽ നിന്ന് ഒഴിവാക്കപ്പടുമെന്ന ഭീതി കാരണമാണ് പലരും ഇതേക്കുറിച്ച് തുറന്നു പറയാത്തത്. കേസിന് പോയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം. കോടതിയെയോ പൊലീസിനെയോ സമീപിച്ചാൽ ജീവന് തന്നെ ഭീഷണിയുണ്ടായേക്കുമെന്ന ഭയം നടിമാർക്കുണ്ട്.
ആർത്തവ കാലത്ത് നടിമാർ സെറ്റുകളിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പാഡ് മാറ്റാൻ പോലും സെറ്റിൽ സൗകര്യമുണ്ടാകില്ല. മൂത്രമൊഴിക്കാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ കുടുങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നടിമാരിൽ പലർക്കും മൂത്ര സംബന്ധമായ അസുഖങ്ങൾ നേരിടുന്നുണ്ട്. പ്രൊഡക്ഷൻ യൂണിറ്റിലുള്ളവർ ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീകളെ അനുവദിക്കുന്നില്ലെന്നും മൊഴിയുണ്ട്.
Source link