ലാഗോസ്: നൈജീരിയയിലെ ബെന്യു സംസ്ഥാനത്തെ ഒയൂക്പോ പ്രദേശത്ത് കത്തോലിക്കരായ 20 മെഡിക്കൽ വിദ്യാർഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെന്റൽ സ്റ്റുഡന്റ്സിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര നൈജീരിയയിലെ ജോസ്, മൈദുഗുരി സർവകലാശാലകളിലെ വിദ്യാർഥികൾ ഫെഡറേഷന്റെ സമ്മേളനത്തിനായി എനുഗു പട്ടണത്തിലേക്കു യാത്ര ചെയ്യുന്പോഴാണ് ആയുധധാരികളായ ഭീകരസംഘം വാഹനം തടഞ്ഞുനിർത്തി 20 പേരെ ബന്ദികളാക്കിയത്. 15നു നടന്ന സംഭവം ഇന്നലെയാണ് പുറംലോകമറിഞ്ഞത്. ബന്ദികളുടെ മോചനത്തിനായി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ക്രക്സ് നൗ മീഡിയ റിപ്പോർട്ട് ചെയ്തു. ഭീകരർ 32,000 ഡോളറാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.
നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ വധിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും സാധാരണ സംഭവമാണ്. തട്ടിക്കൊണ്ടുപോകൽ ഒരു പകർച്ചവ്യാധിയാണെന്നും ക്രൈസ്തവപീഡനം തടയാൻ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും പോലീസ് നിഷ്ക്രിയമാണെന്നും നൈജീരിയയിലെ ബിഷപ്പുമാർ കുറ്റപ്പെടുത്തി.
Source link