ചാന്പ്യൻസ് ട്രോഫി പാക്കിസ്ഥാനിൽത്തന്നെയെന്നു പിസിബി തലവൻ
ഇസ്ലാമബാദ്: അടുത്ത വർഷം നടക്കുന്ന ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ എല്ലാം മത്സരങ്ങളും പാക്കിസ്ഥാനിൽത്തന്നെ നടത്തുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മോഷിൻ നഖ്വി. 1996 ലോകകപ്പിനുശേഷം നടക്കുന്ന ഐസിസിയുടെ ഒരു ടൂർണമെന്റെന്ന നിലയിൽ പാക്കിസ്ഥാനിൽ വലിയ ഒരുക്കങ്ങളാണു നടക്കുന്നത്. ചാന്പ്യൻസ് ട്രോഫി വേദിയാകുന്ന കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളിലെല്ലാം പുനരുദ്ധാരണ പണികൾ നടക്കുകയാണ്. ചാന്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കുന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണു ഫൈനൽ ഉൾപ്പെടെ എല്ലാ മത്സരങ്ങളും പാക്കിസ്ഥാനിൽത്തന്നെയെന്ന് പിസിബി തലവൻ പ്രഖ്യാപിച്ചത്. മത്സരങ്ങൾക്കു മുന്പുതന്നെ പുനരുദ്ധാരണ ജോലികൾ എല്ലാം പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പുനരുദ്ധാരണത്തിന്റെ ഭാഗമായി പാക്കിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കറാച്ചിയിൽനിന്ന് റാവൽപിണ്ടിയിലേക്കു മാറ്റിയിരുന്നു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നുവരെയാണ് മത്സരം. റാവൽപിണ്ടിയിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കാണികൾക്കു പ്രവേശനമുണ്ടാകില്ല.
Source link