മയ്യോർക്ക: വൻ താരനിരയുമായി ലാ ലിഗ ഫുട്ബോൾ 2024-25 സീസണിന്റെ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡിനു സമനിലത്തുടക്കം. എവേ മത്സരത്തിൽ റയലിനെ മയ്യോർക്ക 1-1നു സമനിലയിൽ കുരുക്കി. പുതിയതായെത്തിയ കിലിയൻ എംബപ്പെ, ജൂഡ് ബെല്ലിംങ്ഗം, വിനീഷ്യസ് ജൂണിയർ എന്നിവരടങ്ങിയ ശക്തമായ നിരയെയാണ് കാർലോസ് ആൻസിലോട്ടി ഇറക്കിയത്. എന്നാൽ ഈ നിരയുടെ പ്രകടനം മയ്യോർക്കയുടെ ഗ്രൗണ്ടിൽ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു. മികച്ച തുടക്കമാണു റയൽ നടത്തിയത് 13-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയറുടെ ബാക്ക് ഹീൽ പാസിൽനിന്ന് റോഡ്രിഗോ മയ്യോർക്കയുടെ വലകുലുക്കി. വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന ആതിഥേയർ കൗണ്ടർ അറ്റാക്കുകളിലൂടെ മുന്നേറിയപ്പോൾ റയൽ പ്രതിരോധത്തിലായി.
റയൽ പന്തടക്കത്തിൽ മുൻതൂക്കം നേടിയെങ്കിലും മുന്നേറ്റത്തിൽ ആശയക്കുഴപ്പമായി. എംബപ്പെയ്ക്കും ബെല്ലിംഗ്ങാമിനും കാര്യമായൊന്നും ചെയ്യാനായില്ല. വിനീഷ്യസിന്റെ മുന്നേറ്റമാണു മയ്യോർക്കയുടെ പ്രതിരോധത്തിൽ കുറച്ചെങ്കിലും ഭീഷണി ഉയർത്തിയത്. മയ്യോർക്കയുടെ ആക്രമണങ്ങളെ തടഞ്ഞിട്ട റയൽ ഗോൾകീപ്പർ തിബോ കോർട്ട്വോയ്ക്ക് 53-ാം മിനിറ്റിൽ പിഴച്ചു. വെഡറ്റ് മുറിക്വിയുടെ ശക്തമായ ഹെഡർ റയലിന്റെ വല കുലുക്കി. ലീഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ എംബപ്പെയിൽനിന്ന് വേഗമേറിയ നീക്കങ്ങളുണ്ടായെങ്കിലും ഗോൾകീപ്പർ ഡൊമിനിക് ഗ്രീഫിനെ മറികടക്കാനായില്ല.
Source link