നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, പുറത്തുവന്നത് ഒന്നാണെന്ന് മാത്രം; അതിക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടിവന്നു

തിരുവനന്തപുരം: നടിമാരുടെ വിവരങ്ങൾ കേട്ട് തങ്ങൾക്ക് പോലും വിശ്വസിക്കാൻ സാധിച്ചില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കമ്മീഷൻ അംഗങ്ങൾ എഴുതിവച്ചിരിക്കുന്നത്. പിന്നീട് ഓരോ മൊഴികളും പരിശോധിച്ചപ്പോൾ മലയാള സിനിമയിൽ ഇത്രത്തോളം മോശം പ്രവണത ഉണ്ടെന്ന് മനസിലായി.

വഴങ്ങിയില്ലെങ്കിൽ സിനിമാ ഭാവി പോകും. ഐ സി സി പേരിന് മാത്രമാണ്. പൊലീസിൽ പരാതിപ്പെടാമെന്ന് വച്ചാൽ ദുരനുഭവം ഉണ്ടാകുമെന്ന പേടിയുമുണ്ട്. വഴങ്ങാത്തവരെക്കൊണ്ട് റിപ്പീറ്റ് ഷോട്ടെടുപ്പിക്കും. പതിനാല് തവണ വരെ റിപ്പീറ്റ് ഷോട്ടെടുപ്പിച്ചതായി മൊഴിയുണ്ട്.

നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട കേസല്ല. പുറത്തുവന്നത് ഒന്നാണെന്ന് മാത്രമാണെന്ന് ഹേമ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. അവസരം തേടുമ്പോൾ ശരീരം ചോദിക്കുന്നു. നടിമാരുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറക്കാൻ വിസമ്മതിച്ചാൽ വാതിൽ ശക്തിയായി മുട്ടും. വാതിൽ പൊളിച്ചുവരുമോയെന്ന് നടിമാർക്ക് ഭയം. കുടുംബത്തെ കൂടെക്കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഫോൺ വഴിയും മോശം പെരുമാറുന്നുണ്ട്.

അതിക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നുവെന്ന് ഒരു നടി മൊഴി നൽകിയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെപ്പോലും ചൂഷണം ചെയ്യുന്നു. ചെറിയ പെൺകുട്ടികളെപ്പോലും ഉപദ്രവിക്കുന്നു. ജീവഭയം മൂലമാണ് പരാതി നൽകാത്തത്. സ്ത്രീകളോട് പ്രാകൃത പെരുമാറ്റമാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലുമില്ല. പല സെറ്റുകളിലും ടോയ്ലറ്റ് സൗകര്യം പോലുമില്ല. മൂത്രമൊഴിക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് വെള്ളം കുടിക്കാതെ നിൽക്കും. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്നും റിപ്പോർട്ടിൽ പറയുന്നു.


Source link

Exit mobile version