ഇറ്റലിയിൽ ബ്രിട്ടീഷ് ആഡംബരനൗക മുങ്ങി ഒരാൾ മരിച്ചു

റോം: ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് ആഡംബര നൗക കടലിൽ മുങ്ങി ഒരാൾ മരിച്ചു. ആറു പേരെ കാണാതായി. ക്യാപ്റ്റനുൾപ്പെടെ16 പേരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇറ്റലിയിലെ സിസിലിക്കടുത്ത് പാലെർമോ തീരത്ത് പ്രാദേശികസമയം ഇന്നലെ രാവിലെ അഞ്ചിനായിരുന്നു സംഭവം. ബ്രിട്ടീഷ് പതാകയേന്തിയ 56 മീറ്റർ നീളമുള്ള ‘ബെയെസിയാൻ’ എന്ന നൗകയാണു മുങ്ങിയത്. കനത്ത ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് മെഡിറ്ററേനിയൻ ദ്വീപിലെ പൊർതിസെല്ലെ തുറമുഖത്തുനിന്ന് അര മൈൽ അകലെ നിർത്തിയിട്ടിരുന്നതായിരുന്നു നൗക. കാണാതായവരിൽ നാല് ബ്രിട്ടീഷുകാരും രണ്ട് അമേരിക്കക്കാരുമുൾപ്പെടുന്നു. ബ്രിട്ടീഷ് വ്യവസായ പ്രമുഖൻ മൈക്ക് ലിഞ്ചി(59)നെയും കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ ഏഞ്ചല ബാരാക്കെസിനെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
ബ്രിട്ടനിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ കന്പനിയായ ഓട്ടോണമി കോർപറേഷന്റെ സ്ഥാപകനായ മൈക്ക് ലിഞ്ച് ബ്രിട്ടനിലെ ബിൽഗേറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. ഓട്ടോണമി കോർപറേഷൻ പിന്നീട് അമേരിക്കൻ കന്പനിയായ എച്ച്പിക്ക് വിൽക്കുകയും കൈമാറ്റവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് മൈക്ക് ലിഞ്ച് നിയമനടപടികൾ നേരിടുകയും ചെയ്തിരുന്നു.
Source link