KERALAMLATEST NEWS

‘ഹേമ കമ്മിറ്റി റിപ്പോ‌ർട്ട് പുറത്തുവന്നത് സിനിമാമേഖലയിലെ സ്‌ത്രീകളുടെ വിജയം’; പരസ്യപ്പെടുത്തരുതെന്ന് പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്നാണ് താൻ ആദ്യം മുതൽ ആവശ്യപ്പെട്ടതെന്ന് നടി രഞ്ജിനി. കമ്മിറ്റിക്ക് മുമ്പാകെ പ്രസ്‌താവന നൽകിയതിനാൽ അത് കാണണമെന്നാണ് ആവശ്യപ്പെട്ടത്. താൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടിലുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും നടി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.

‘റിപ്പോർട്ട് ഒരിക്കലും പുറത്തുവിടാൻ പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ബാക്കിയുള്ള കാര്യങ്ങൾ എന്റെ ലീഗൽ ടീം തീരുമാനിക്കും. റിപ്പോർട്ട് ഇതുവരെ വായിച്ചില്ല. ഒരുവരി മാത്രമാണ് കണ്ടത്. എന്റർടെയിൻമെന്റ് ട്രൈബ്യൂണൽ വേണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ട കാര്യമാണ്. ഐസിസിക്ക് ഈ മേഖലയിൽ പ്രവർത്തിക്കാനാകില്ലെന്നത് സത്യമാണ്. ട്രൈബ്യൂണൽ ആണ് ഐസിസിയെക്കാൾ നല്ലതെന്ന് റിപ്പോർട്ടിൽ നിർദേശം നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ സന്തോഷമുണ്ട്.

ഡബ്ള്യുസിസി കാരണമാണ് കമ്മിറ്റിയുണ്ടായത്. അവർ അനേകം പ്രതിസന്ധികൾ നേരിട്ടു. ഞാൻ അവരിൽ ഒരാളായാണ് പങ്കെടുത്തത്. ഡബ്ള്യുസിസിയെ അഭിനന്ദിക്കുന്നു. അവർ ശബ്ദമുയർത്തിയില്ലെങ്കിൽ ഹേമ കമ്മിറ്റി രൂപീകരിക്കില്ലായിരുന്നു, റിപ്പോർട്ട് പുറത്തുവരില്ലായിരുന്നു. കമ്മിറ്റിക്ക് മുമ്പാകെ രഞ്ജിനിയെന്ന വ്യക്തിയായാണ് പോയി മൊഴി നൽകിയത്. ഇക്കാരണത്താലാണ് ഹർജി നൽകിയത്. എന്റെ സ്വകാര്യതയെ ലംഘിക്കാൻ പാടില്ലാത്തതിനാലാണ് ഹർജി നൽകിയത്.

സ്ത്രീകളുടെ പരാതികൾ പറയാൻ ഇപ്പോഴും ഒരു കൃത്യമായ സെൽ ഇല്ല. ഐസിസിയിൽ പോയാലും പ്രശ്‌നമാണ്. പ്രശ്‌നക്കാർ അവിടെയും ഉണ്ട്. നമ്മൾ എങ്ങോട്ടാണ് പോകേണ്ടത്, നമുക്ക് നീതി എവിടെനിന്ന് ലഭിക്കും? ഹേമ കമ്മിറ്റിയിൽ നടപടിയുണ്ടായാൽ സ്വാഗതം ചെയ്യുന്നു. ഇത് സിനിമാമേഖലയിലെ സ്ത്രീകളുടെ വിജയമാണ്’- രഞ്ജിനി വ്യക്തമാക്കി.

ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സിംഗിൾ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി കോടതിയെ സമീപിച്ചത്.


Source link

Related Articles

Back to top button