ധാക്ക: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംവരണവിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ കേസ്. ഹസീനയ്ക്കും അവരുടെ മന്ത്രിസഭയിലെ മന്ത്രിമാർക്കുമെതിരേയാണു കേസെടുത്തിരിക്കുന്നത്. മിർപുരിലും ഷെർ ഇ ബംഗ്ലാ നഗറിലുമായി ലിന്റൺ ഹസൻ ലാലു, താരിക് ഹുസൈൻ എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലിറ്റണിന്റെ സഹോദരൻ നൽകിയ പരാതിയിൽ ധാക്ക മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണു കേസെടുത്തത്. ഹസീന, മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാൽ, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) അബ്ദുല്ല അൽ മാമുൻ തുടങ്ങി 148 പേർക്കെതിരേയാണ് കേസ്.
താരിക്കിന്റെ അമ്മ ഫിദുഷി ഖാത്തൂൺ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്. ഹസീന, മുൻ ഗതാഗത മന്ത്രി ഒബൈദുൽ ഖാദർ, മുൻ ആഭ്യന്തര മന്ത്രി കമൽ, മുൻ വിദേശകാര്യ മന്ത്രി ഹസൻ മുഹമ്മൂദ്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി മുഹമ്മദ് അലി അറഫാത്ത് എന്നിവരുൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ.
Source link