‘ഇഴുകിചേര്‍ന്ന് അഭിനയിച്ചാല്‍ ‘വിളി’ വരും, ജോലിക്കായി കിടക്ക പങ്കിടേണ്ട അവസ്ഥ സിനിമയില്‍ മാത്രം’

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന സമാനതകളില്ലാത്ത ബുദ്ധിമുട്ടുകള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തുകയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി മാത്രം കാണുന്ന ഒരു വിഭാഗം സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുകയും മൊത്തം സംവിധാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ് കമ്മീഷന് മുമ്പാകെ നടിമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇഴുകിചേര്‍ന്ന് അഭിനയിച്ചാല്‍ ഉടനെ തന്നെ ദുഷ്ടലാക്കോടെയുള്ള ഫോണ്‍വിളിയെത്തുമെന്നതാണ് ഗുരുതരമായ ഒരു വെളിപ്പെടുത്തല്‍. സിനിമയിലേക്ക് സ്ത്രീകള്‍ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാര്‍ പണം ഉണ്ടാക്കാന്‍ വരുന്നവര്‍ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

സിനിമയില്‍ അല്ലാതെ മറ്റൊരിടത്തും ജോലിക്കായി കിടക്ക പങ്കിടേണ്ടതില്ലെന്നാണ് നടിമാര്‍ കമ്മീഷന് നല്‍കിയ മറ്റൊരു പ്രധാനപ്പെട്ട മൊഴി. സിനിമയില്‍ ഇഴുകിചേര്‍ന്ന് അഭിനയിച്ചാല്‍ സിനിമയ്ക്ക് പുറത്തും അങ്ങനെയാണെന്ന് ചിന്തിക്കുന്ന പുരുഷന്‍മാരുണ്ട്. അതിനാല്‍ പരസ്യമായി കിടക്കപങ്കിടാന്‍ പല പുരുഷന്‍മാരും നാണക്കേടില്ലാതെ ആവശ്യപ്പെടുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ പൊലീസിനെ സമീപിക്കാത്തത് പ്രാണഭയം കൊണ്ടാണെന്നും നടിമാര്‍ കമ്മീഷന് മുമ്പാകെ പറഞ്ഞു.

ഇത്തരം പ്രവണതകളെ എതിര്‍ത്താല്‍ പിന്നെ സിനിമയില്‍ അവസരം ലഭിക്കില്ല. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ പിന്നീട് വ്യാപകമായി സൈബര്‍ ബുള്ളിയിംഗിന് ഇരയാകേണ്ടിയും വരും അതിന് പുറമേ വ്യക്തിഹത്യ ചെയ്യപ്പെടുകയും ചെയ്യുമെന്നതാണ് അവസ്ഥ. ഉന്നതരായ നടന്‍മാരും സംവിധായകരും തന്നെയാണ് പല ചൂഷണങ്ങള്‍ക്കും പിന്നിലെന്നും നടിമാര്‍ കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നു. യുവ അഭിനേതാക്കള്‍ക്കിടയിലുള്ള ലഹരി ഉപയോഗത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.


Source link

Exit mobile version