കൊച്ചി: കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി വരുന്നു. അൽ ഹിന്ദ് ഗ്രൂപ്പിന്റെ പുതിയ വിമാന കമ്പനിക്ക് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പ്രവർത്തന അനുമതി നൽകിയതായി ദേശീയ മാദ്ധ്യമമായ സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു. ഡി.ജി.സി.എയുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേടി ഈ വർഷം അവസാനത്തോടെ എയർലൈൻ പറന്ന് തുടങ്ങുമെന്നാണ് വിവരം.
തുടക്കത്തിൽ മൂന്ന് എ.ടി.ആർ-72 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ 200 മുതൽ 500 കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന കമ്പനി അടുത്ത ഘട്ടത്തിൽ കൂടുതൽ വിമാനങ്ങളുമായി സർവീസ് വിപുലീകരിക്കുമെന്ന് അൽ ഹിന്ദ് ഗ്രൂപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൊച്ചി-ബംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകളുമായി തുടങ്ങി മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കും രാജ്യാന്തര വിമാനത്താവളങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കാനാണ് ലക്ഷ്യം. രണ്ട് വർഷത്തിന് ശേഷം വിദേശ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് എയർബസ് എ320 വിമാനങ്ങൾ ഉപയോഗിക്കും. ഇതോടെ വിമാനങ്ങളുടെ എണ്ണം ഇരുപതിലേക്ക് ഉയരും. രാജ്യാന്തര സർവീസുകൾക്കായി നൂറ് മുതൽ 240 വരെ സീറ്റുകളുള്ള നാരോ ബോഡി വിമാനങ്ങൾക്കായി ബോയിംഗ്, എയർബസ് എന്നിവയുമായി ചർച്ച നടത്തും.
മുപ്പത് വർഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് അൽഹിന്ദ്. 20000 കോടിയിലേറെ രൂപയുടെ വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130ൽ കൂടുതൽ ഓഫീസുകളും കമ്പനിക്കുണ്ട്. നിരവധി എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്.
Source link