'നൗഫലെ ഇത് മമ്മൂട്ടിയാണ്'; ആശ്വാസവാക്കുകളുമായി താരം
‘നൗഫലെ ഇത് മമ്മൂട്ടിയാണ്’; ആശ്വാസവാക്കുകളുമായി താരം | Mammootty consoles Wayanadu landslide victim Noufal | Wayanadu Landslide
‘നൗഫലെ ഇത് മമ്മൂട്ടിയാണ്’; ആശ്വാസവാക്കുകളുമായി താരം
മനോരമ ലേഖകൻ
Published: August 19 , 2024 12:09 PM IST
1 minute Read
മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കുടുംബത്തിലെ പതിനൊന്നുപേര്‍ നഷ്ടമായ നൗഫലിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി. ഈ ദുരിതസമയത്ത് ഒപ്പമുണ്ടെന്നും വയനാട്ടിലേക്ക് സഹായങ്ങൾ എത്തുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഫോണിൽ വിളിച്ചാണ് മമ്മൂട്ടി നൗഫലുമായി സംസാരിച്ചതും ആശ്വാസവാക്കുകൾ പങ്കുവച്ചതും. താരസംഘടനയായ അമ്മയുടെ റിഹേഴ്സൽ ക്യാംപിനിടെയാണ് മമ്മൂട്ടി നൗഫലിനെ ഫോണിൽ വിളിച്ചു സംസാരിച്ചത്. ടിനി ടോമാണ് നൗഫലും മമ്മൂട്ടിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് വഴിയൊരുക്കിയത്.
റിഹേഴ്സൽ ക്യാംപിലെത്തിയ മമ്മൂട്ടിയോട് ടിനി ടോമാണ് നൗഫലിന്റെ കാര്യം സംസാരിച്ചത്. ഫോണിൽ വിളിക്കാമോ എന്നു ചോദിച്ചപ്പോൾ ഉടൻ തന്നെ മമ്മൂട്ടി സമ്മതിച്ചെന്ന് ടിനി ടോം പറഞ്ഞു. നൗഫലിനെ ഇടയ്ക്ക് വിളിക്കാറുണ്ടെന്നും വൈകാതെ നേരിൽ കാണുമെന്നും ടിനിമ ടോം അറിയിച്ചു.
ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളും അടക്കം നൗഫലിന്റെ കുടുംബത്തിലെ 11 പേർക്ക് ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു ഒമാനിൽ ജോലി ചെയ്തിരുന്ന നൗഫൽ കുടുംബാംഗങ്ങളുടെ വിയോഗവാർത്ത അറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. നൗഫലിനെക്കുറിച്ചു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത കണ്ട നടൻ ടിനി ടോം പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഒരു സഹോദരനെപ്പോലെ എന്നും കൂടെയുണ്ടാകും എന്നു പറഞ്ഞുകൊണ്ടായിരുന്നു ടിനി ടോമിന്റെ പോസ്റ്റ്.
മലയാള മനോരമയിലെ ചിത്രത്തിൽ കണ്ട നൗഫലിന്റെ ഇരിപ്പ് തന്നെ ഉലച്ചു കളഞ്ഞുവെന്ന് ടിനി ടോം മനോരമ ന്യൂസിനോടു പറഞ്ഞു. “ഞാൻ വെള്ളപ്പൊക്കദുരിതബാധിതനായിരുന്നു. കൊറോണയും ബാധിച്ചിരുന്നു. പക്ഷേ, അപ്പോഴൊന്നും മരണങ്ങളല്ല ചുറ്റും കണ്ടത്. ഒരു ജന്മത്തിൽ തനിക്കു കിട്ടിയവരെയും തന്റെ ചുറ്റുപാടുള്ളവരും താൻ ഉണ്ടാക്കിയതും എല്ലാം നഷ്ടപ്പെട്ട് കല്ലിന്റെ പുറത്തുള്ള നൗഫലിന്റെ ഇരിപ്പ് എന്നെ വല്ലാതെ വേട്ടയാടി. അപ്പോൾ തന്നെ അബു സലിമിനെ വിളിച്ച് നൗഫലിന്റെ നമ്പർ കിട്ടുമോ എന്നു ചോദിച്ചു. ഞാൻ നൗഫലിനെ വിളിച്ചു സംസാരിച്ചു. ആരുമില്ലെന്നു വിചാരിക്കരുത്. ഒരു സഹോദരനായി എന്നെ കാണണം. ജീവിതകാലം മുഴുവൻ! എത്ര കാശു കൊടുത്താലും ഈ ബന്ധങ്ങളൊന്നും തിരികെ കിട്ടില്ലെന്ന് നമുക്ക് അറിയാം. പക്ഷേ, നമ്മൾ ആരെങ്കിലുമൊക്കെ വയനാട്ടുകാരുടെ ആളുകളാകണം,” ടിനി ടോം പറഞ്ഞു.
English Summary:
Mammootty offers heartfelt support to landslide victim Noufal, who tragically lost 11 family members in Wayanad
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-tinitom mo-entertainment-common-malayalammovienews mo-environment-wayanad-landslide mo-entertainment-movie-mammootty 15k7t5cn2dp4841bcabbq020mu f3uk329jlig71d4nk9o6qq7b4-list
Source link