KERALAMLATEST NEWS

വയനാട് ദുരന്തം : രണ്ടുനാൾക്കകം കേന്ദ്രത്തിന് നിവേദനം കൈമാറും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വകുപ്പ് തിരിച്ചുള്ള നാശനഷ്ടക്കണക്കുകൾ ഉൾപ്പെടുത്തിയുള്ള വിശദമായ നിവേദനം രണ്ട് ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് കൈമാറും. ദുരന്തത്തെക്കുറിച്ചും ഭാവിയിലെ ദുരന്തസാദ്ധ്യതകളെക്കുറിച്ചും പഠിക്കാൻ ഡോ.ജോൺമത്തായിയുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ദ്ധസംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അനുബന്ധ റിപ്പോർട്ട് പിന്നാലെ സമർപ്പിക്കും. വിദഗ്ദ്ധസംഘം ഈ ആഴ്ച പഠന റിപ്പോർട്ട് സർക്കാരിന് കൈമാറിയേക്കും.

പുനർ നിർമ്മാണത്തിന് 2000 കോടിയും ദുരന്തത്തിനിരയായവർക്കുള്ള നഷ്ടപരിഹാരത്തിന് 1500 കോടിയും വേണ്ടിവരുമെന്ന പ്രാഥമിക കണക്കാണ് കേന്ദ്രസംഘത്തിനും പ്രധാനമന്ത്രിക്കും നേരത്തെ നൽകിയത്.

ഇതിന് ആധികാരികത നൽകാനാണ് എട്ട് വകുപ്പുകൾ തയ്യാറാക്കിയ വിശദമായ നഷ്ടക്കണക്കുകൾ ഏകോപിപ്പിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു നിവേദനം തയ്യാറാക്കിയത്. അന്ന് ആവശ്യപ്പെട്ടതിനേക്കാൾ കൂടിയ തുകയാണ് നിവേദനത്തിൽ രേഖപ്പെടുത്തുന്നതെന്ന് അറിയുന്നു. ദേശീയ ദുരന്തപ്രതിരോധ നിധിയിൽ നിന്ന് (എൻ.ഡി.ആർ.എഫ് ) കൂടുതൽ ആനുകൂല്യം നേടുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന നിബന്ധനകൾക്ക് വിധേയമായാണ് വിശദാംശങ്ങൾ സമർപ്പിക്കേണ്ടത്. തുടർന്നുള്ള പുനരധിവാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേറെയും തുക കണ്ടെത്തേണ്ടിവരും.എൽ-3 ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ മുഖ്യആവശ്യം.

#വിദഗ്ദ്ധസംഘം 23നകം

റിപ്പോർട്ട് നൽകിയേക്കും

വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശിച്ച ഡോ.ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ദ്ധസംഘം ഈ മാസം 23ന് മുമ്പ് പഠന റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇന്ന് മുതൽ റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങും. റിപ്പോർട്ട് സർക്കാർ നിയമിച്ചിട്ടുള്ള ലാൻഡ് സ്ളൈഡ് കമ്മിറ്റി പരിശോധിച്ചാവും സർക്കാരിന് കൈമാറുക.

മൂന്ന് കാര്യങ്ങളാണ് വിദഗ്ദ്ധസംഘം പരിഗണിച്ചത്.

1. ദുരന്തം എന്തുകൊണ്ട്,എങ്ങനെ ഉണ്ടായി?

2. ദുരന്ത സാദ്ധ്യതയുള്ള പ്രദേശവും സുരക്ഷിതമായ പ്രദേശവും ഏതെല്ലാം?

3.പുനരധിവാസത്തിന് അനുയോജ്യമായ പ്രദേശങ്ങൾ ഏതെല്ലാം?


Source link

Related Articles

Back to top button