ലെവർകൂസൻ: 2024ൽ മൂന്നാം കപ്പിലും മുത്തമിട്ട് സാബി അലോൻസോയുടെ ബെയർ ലെവർകൂസൻ. കഴിഞ്ഞ സീസണിൽ ആഭ്യന്തര ലീഗുകളിൽ നടത്തിയ തോൽവി അറിയാതെയുള്ള കുതിപ്പിനു ലഭിച്ച നെവർലൂസൻ എന്ന ഇരട്ടപ്പേര് ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ് ബെയർ ലെവർകൂസൻ. പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ 4-3ന് സ്റ്റുട്ഗാർട്ടിനെ തോൽപ്പിച്ച് ജർമൻ സൂപ്പർ കപ്പിൽ മുത്തമിട്ടു. 90 മിനിറ്റ് വരെ 2-2ന് സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീണ്ടത്. പകുതിയിലേറെ സമയവും പത്തു പേരുമായാണു ലെവർകൂസൻ കളിച്ചത്. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ കളി അവസാനത്തോടടുത്തപ്പോൾ തിരിച്ചടിച്ചാണു ലെവർകൂസൻ സമനില നേടിയത്. 88-ാം മിനിറ്റിൽ പാട്രിക് ഷിക്കിന്റെ ഗോളിലാണു സമനില. ബയേണ്‍ മ്യൂണിക്ക് ഇല്ലാത്ത സൂപ്പർകപ്പ് 12 വർഷത്തിനുശേഷം ആദ്യത്തേതാണ്. കഴിഞ്ഞ സീസണിൽ രണ്ട് ആഭ്യന്തര കപ്പുകൾ (ബുണ്ടസ് ലിഗ, ജർമൻ കപ്പ്) നേടിയ ലെവർകൂസൻ 11-ാം മിനിറ്റിൽ വിക്ടർ ബോണിഫേസിലൂടെ മുന്നിലെത്തി. നാലുമിനിറ്റിനുശേഷം എൻസോ മിലോറ്റ് സ്റ്റുട്ഗർട്ടിന് സമനില നൽകി.
37-ാം മിനിറ്റിൽ മാർട്ടിൻ ടീരറിനു നേരിട്ടു ചുവപ്പ് കാർഡ് ലഭിച്ചതോടെ അലോൻസോയുടെ ടീം പത്തുപേരായി ചുരുങ്ങി. ഇതോടെ എതിരാളികൾ മത്സരത്തിന്റെ നിയന്ത്രണം പിടിച്ചു. തുടർച്ചയായി ആക്രമിച്ച സ്റ്റുട്ഗർട്ട് 63-ാം മിനിറ്റിൽ ഡെനിസ് ഉണ്ടാവിലൂടെ ലീഡ് നേടി. കഴിഞ്ഞ സീസണുകളിൽ പുറത്തെടുത്ത പോരാട്ടം കാഴ്ചവച്ച് ലെവൻകൂസൻ മുഴുവൻ സമയത്തിനു രണ്ടുമിനിറ്റ് കൂടിയുള്ളപ്പോൾ ഷിക്കിലൂടെ സമനില നേടി. ബുണ്ടസ് ലിഗയിലെയും ജർമൻ കപ്പിലെയും പല മത്സരങ്ങളിലും പിന്നി ലായശേഷം ലേറ്റ് ഗോളുകൾ നേടിയാണു ലെവർകൂസൻ തോൽവി അറിയാതെ കുതിപ്പ് നടത്തിയത്. ഈ കുതിപ്പ് അവർക്ക് നെവർലൂസൻ എന്ന ഇരട്ടപ്പേരും നല്കി. ഷൂട്ടൗട്ടിൽ ലെവർകൂസൻ നാലു കിക്ക് വലയിലാക്കിയപ്പോൾ സ്റ്റുട്ഗർട്ട് രണ്ടെണ്ണം നഷ്ടമാക്കി.
Source link