“അഹങ്കാരം മനസിൽ വന്നാൽ പിന്നെ ഉയർച്ചയുണ്ടാകാൻ ബുദ്ധിമുട്ടായിരിക്കും”, മഞ്ജു വാര്യരുടെ സെറ്റിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സംവിധായകൻ

ഇനി ദിലീപുമായൊരു സിനിമ വരികയാണെങ്കിൽ ചെയ്യുമെന്ന് സംവിധായകൻ തുളസിദാസ്. മായപ്പൊൻമാനാണ് ദിലീപുമായി ചെയ്ത ആദ്യ സിനിമ. അതുകഴിഞ്ഞ് ദോസ്ത് ചെയ്തു. ഇടയ്ക്ക് ഞങ്ങൾക്കിടയിൽ ഒരു സൗന്ദര്യപ്പിണക്കമുണ്ടായെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

‘ഒരു കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ സൗന്ദര്യ പിണക്കം ഉണ്ടാകുമല്ലോ. അതുപിന്നെ കുറച്ചുനാൾ കഴിയുമ്പോഴങ്ങ് മാറും. ദിലീപിനും എനിക്കും വാശിയുണ്ടായി. അതിൽ ഞാൻ ഒരുപാട് പരാജയം ഏറ്റുവാങ്ങി. ഒന്നുരണ്ട് വർഷം സിനിമ ചെയ്യാൻ പറ്റിയില്ല. അഡ്വാൻസ് തന്ന നിർമാതാക്കൾ വരെ മാറിപ്പോയി. പക്ഷേ ഇപ്പോൾ ഞങ്ങൾ തമ്മിൽ പ്രശ്നമില്ല. ദിലീപുമായി നല്ല സൗഹൃദത്തിലാണ്. കാണാറുണ്ട്, സംസാരിക്കാറുണ്ട്. വീണ്ടും സിനിമ ചെയ്യേണ്ടി വരാൻ അവസരം വന്നാൽ ചെയ്യും.’- അദ്ദേഹം വ്യക്തമാക്കി.

മഞ്ജു വാര്യരുടെ സിനിമാ സെറ്റിൽ പോയപ്പോഴുണ്ടായ ദുരനുഭവവും അദ്ദേഹം തുറന്നുപറഞ്ഞു. ‘ബഹുമാനക്കുറവ് ഉണ്ട് ഇപ്പോൾ. സീനിയർ ആളുകളോട് ഒരു താത്പര്യക്കുറവ് ഉള്ളതുപോലെ തോന്നുന്നുണ്ട്. അത് ഒന്ന് മാറ്റിവച്ചാൽ നല്ലതായിരിക്കുമെന്ന് എനിക്ക് അഭിപ്രായമുണ്ട്. നമ്മൾ ആരാണ്, എവിടുന്നുവന്നു എന്നൊക്കെ ചിന്തിക്കണം. വല്ലപ്പോഴുമെങ്കിലും പിറകിലേക്ക് തിരിഞ്ഞുനോക്കണം. അപ്പോഴേ ഞാൻ ആരാണെന്ന് എനിക്ക് മനസിലാകൂ. ഒരു സെറ്റിൽ എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. മഞ്ജു വാര്യർ വിളിച്ചതുകൊണ്ടാണ് ഞാൻ ചെന്നത്. പുതിയൊരു സംവിധായകനായിരുന്നു. തൊട്ടടുത്ത് സംവിധായകൻ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു. വന്നൊന്ന് കാണാനുള്ള മനസുപോലും കാണിച്ചില്ല. അത് മഞ്ജുവിനും ഫീൽ ചെയ്തു, എനിക്കും ഫീൽ ചെയ്തു. മഞ്ജൂ, ഞാൻ ഇവിടെ ഇരിക്കുന്നില്ലെന്ന് പറഞ്ഞ് പോകുകയായിരുന്നു. ആ സംവിധായകന്റെ ആദ്യ സിനിമയായിരുന്നു. പുള്ളി വേറെ പടം ചെയ്‌തോ എന്ന് എനിക്കറിയില്ല. ബഹുമാനം വേണം. അഹങ്കാരം മനസിൽ വന്നാൽ പിന്നെ ഉയർച്ചയുണ്ടാകാൻ ബുദ്ധിമുട്ടായിരിക്കും.’- തുളസിദാസ് പറഞ്ഞു.


Source link

Exit mobile version