ഇനി ആർക്കും പ്രവേശനമില്ല, ഒടുവിൽ ആലുവയിലെ ‘പ്രേമം പാലം’ അടച്ചുപൂട്ടി
നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തമായ പാലമാണ് ആലുവയിലെ ‘പ്രേമം പാലം’ എന്ന അക്വഡേറ്റ്. ഇപ്പോഴിതാ പ്രേമം പാലം അധികൃതർ അടച്ചുപൂട്ടിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. സാമൂഹിക വിരുദ്ധരുടെയും കമിതാക്കളുടെയും ശല്യമേറിയതോടെയാണ് ’പ്രേമം’ പാലം പെരിയാർവാലി അടച്ചുപൂട്ടി. മാർക്കറ്റിന് സമീപം ഉളിയന്നൂർ കടവിൽ നിന്നാരംഭിച്ച് യു.സി കോളേജിന് സമീപം അവസാനിക്കുന്ന 2.2 കിലോമീറ്റർ ദൈർഘ്യമുള്ള അക്വഡേറ്റാണ് മൂന്നിടത്തായി ഗേറ്റ് സ്ഥാപിച്ച് പൂട്ടിയത്. അക്വഡേറ്റ് ആരംഭിക്കുന്ന ഉളിയന്നൂർ കടവ് ഭാഗത്തും അവസാനിക്കുന്ന യു.സി കോളേജ് ഭാഗത്തും പുറമെ തോട്ടക്കാട്ടുകരയിലെ പ്രവേശന സ്ഥലത്തുമാണ് ഗേറ്റുകൾ സ്ഥാപിച്ചത്.
ഭൂതത്താൻകെട്ടിൽ നിന്ന് പറവൂരിലേക്ക് കാർഷികാവശ്യത്തിന് വെള്ളം കൊണ്ടുപോകുന്നതിനായി അര നൂറ്റാണ്ട് മുമ്പ് നിർമ്മിച്ചതാണ് അക്വഡേറ്റ്. ഭൂഗർഭ പൈപ്പ് വഴി ആലുവയിലെത്തുന്ന വെള്ളം അക്വഡേറ്റിലൂടെ യു.സി കോളേജ് ഭാഗത്തെത്തിച്ച ശേഷം പെരിയാർവാലി തോട്ടിലൂടെയാണ് പറവൂരിലേക്ക് ഒഴുകുന്നത്.
പെരിയാറിന് കുറകെ പാലം നിർമ്മിക്കുന്നത് വരെ ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര സ്വദേശികൾ നടപ്പാതയായി ഉപയോഗിച്ചിരുന്ന അക്വഡേറ്റ് ഉളിയന്നൂർ പാലം യാഥാർത്ഥ്യമായതോടെ ആളുകൾ ഉപയോഗിക്കാതെയായി. 2015ൽ സൂപ്പർ ഹിറ്റായ ’പ്രേമം’ സിനിമ അക്വഡേറ്റ് പാലത്തിൽ ചിത്രീകരിച്ചതോടെ പാലവും ഹിറ്റായി. കമിതാക്കളുടെ ഇഷ്ടകേന്ദ്രമായി. സാമൂഹിക വിരുദ്ധരും കഞ്ചാവ് വിൽപ്പനക്കാരുമെല്ലാം കുടിയേറിയതോടെ സമീപവാസികൾക്ക് ശല്യമായി. വീട്ടിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തേക്കിറങ്ങാനാകാതെയായി.
പാലത്തിൽ പലവട്ടം കഞ്ചാവ് കച്ചവടക്കാർ തമ്മിൽ സംഘർഷമുണ്ടായി. ചോദ്യം ചെയ്യുന്ന നാട്ടുകാരെയും കൈയേറ്റം ചെയ്തു. സന്ധ്യയായാൽ വാഹനങ്ങളിലും മറ്റും പാലത്തിലെത്തുന്നവർ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവ് കാഴ്ച്ചയായി.
പാലത്തിലെ സാമൂഹിക വിരുദ്ധരുടെ ശല്യമേറിയതോടെ നഗരസഭ 25 -ാം വാർഡ് കൗൺസിലർ ടിന്റു രാജേഷ് പരാതിയുമായി രംംഗത്തെത്തി. പെരിയാർവാലിക്കും നഗരസഭയ്ക്കും പരാതി നൽകി. സമീപത്തെ റെസിഡന്റ്സ് അസോസിയേഷനുകളും അക്വഡേറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നഗരസഭ കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്ത് പാലം അടക്കാൻ പെരിയാർവാലിയോട് ആവശ്യപ്പെട്ടു. പുറമെ ടിന്റു രാജേഷ് നവകേരള സദസിലും പരാതി നൽകി. തുടർന്നാണ് പാലം അടച്ചുപൂട്ടാൻ തീരുമാനമായത്. ഗേറ്റുകൾ സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
Source link